കൊച്ചി: സംസ്ഥാനത്ത് ഒമിക്രോണ്‍ ജാഗ്രത കര്‍ശനമാക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റഷ്യന്‍ പൗരന് കോവിഡ് സ്ഥിരീകരിച്ചു. 25 വയസ്സുളള യുവാവിനാണ് റാപ്പിഡ് ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട രാജ്യമാണ് റഷ്യ.

രാവിലെ 5.25-നുള്ള വിമാനത്താവളത്തിലാണ് ഇയാളെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ അമ്പലമുകളിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഏത് ജനിതക വകഭേദമാണെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്കായി ഇയാളുടെ സാംപിള്‍ തിരുവനന്തപുരത്തേക്ക് അയക്കും. 

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. റാപ്പിഡ് ടെസ്റ്റില്‍ നെഗറ്റീവ് ആയാലും ഏഴ് ദിവത്തെ ക്വാറന്റീന്‍ നിര്‍ബന്ധമായും പാലിക്കണം. ക്വാറന്റീന് ശേഷം ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആവേണ്ടതുണ്ട്. 

രാജ്യത്ത് ശനിയാഴ്ച വരെ നാല് പേരിലാണ് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.

Content Highlights: Russian National arrived in Kochi Nedumbaserry airport tested covid-19 positive