തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിലെ കുടിശ്ശിക ഇനത്തില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട 1511 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. മുഖ്യമന്ത്രിയുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്നാണ് ദീര്‍ഘനാളായി ലഭിക്കാതിരുന്ന കുടിശ്ശിക അനുവദിച്ചുകിട്ടിയത്. 

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം സംസ്ഥാനത്തിന് ലഭിച്ചാല്‍ ഉടന്‍തന്നെ ഗുണഭോക്താക്കള്‍ക്ക് വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ അഞ്ചുമാസമായി സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി മുടങ്ങിയിരിക്കുകയായിരുന്നു. നിരവധി കുടുംബങ്ങളാണ് കൂലി മുടങ്ങിയതോടെ പ്രയാസത്തിലായത്. 

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയില്‍ കുടിശ്ശിക വരുത്തിയതില്‍ നേരത്തെ കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാരും എല്‍.ഡി.എഫും രംഗത്തെത്തിയിരുന്നു. കൂലി ഇനത്തില്‍ കുടിശ്ശിക വരുത്തി കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. 

Content Highlights: rural employment scheme; union government allowed 1511 crore  for kerala