സ്മാർട്ട് കോച്ച്
തൃശ്ശൂർ: ഓടുന്ന തീവണ്ടിയുടെ കോച്ചുകൾക്ക് തകരാറുണ്ടെങ്കിൽ ഓൺലൈനിൽ ബന്ധപ്പെട്ട കേന്ദ്രത്തിൽ സ്വയം അറിയിക്കുന്ന സംവിധാനമുള്ള കോച്ചുകൾ ഓടിത്തുടങ്ങി. സ്മാർട്ട് കോച്ച് എന്നറിയപ്പെടുന്ന രണ്ടെണ്ണം തിരുവനന്തപുരം ഡിവിഷനിലുമെത്തി. കൊച്ചുവേളി-ബസനവാടി ഹംസഫർ എക്സ്പ്രസിലാണ് ഇവ ഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് 100 സ്മാർട്ട് കോച്ചുകളാണ് പുറത്തിറക്കിയിട്ടുള്ളത്. റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലാണ് കോച്ചുകൾ നിർമിക്കുന്നത്. മുംബൈ സെൻട്രൽ-ന്യൂഡൽഹി ഹംസഫർ എക്സ്പ്രസിലെ കോച്ചുകളെല്ലാം സ്മാർട്ടാണ്.
പ്രവർത്തനം ഇങ്ങനെ
വൈബ്രേഷൻ മോണിറ്ററിങ് സിസ്റ്റമാണിത്. ഒരു കോച്ചിന് എട്ട് ചക്രങ്ങളാണുള്ളത്. ചക്രങ്ങൾക്കു മുകളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകളാണ് അടിസ്ഥാനഘടകം. ഓട്ടത്തിൽത്തന്നെ ചാർജ് ചെയ്യുന്നതാണിത്.
കോച്ചിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ആദ്യം പ്രതിഫലിക്കുക ചക്രങ്ങളിലായിരിക്കും. അത്തരം പ്രശ്നങ്ങൾ സെൻസർ കണ്ടെത്തി തൊട്ടടുത്തുള്ള മറ്റൊരു യൂണിറ്റിലേക്ക് എത്തിക്കും. ഇവിടെ സിം കാർഡ് അടക്കമുള്ള സംവിധാനമാണുള്ളത്. ഓടുന്ന വണ്ടിയുടെ ചക്രങ്ങളിലുണ്ടാകുന്ന തകരാറുകൾ സിം കാർഡിൽനിന്ന് നിശ്ചിതസ്ഥലങ്ങളിലുള്ള സെർവറുകളിലേക്ക് അയയ്ക്കുന്നു. തകരാറുകളുടെ ഗൗരവം അനുസരിച്ച് വിവിധ കളർ കോഡുകളാണ് കംപ്യൂട്ടറിൽ തെളിയുക. ഒരു സ്വകാര്യ ഏജൻസിക്കാണ് സിഗ്നലുകൾ കൈകാര്യംചെയ്യാനുള്ള ടെൻഡർ നൽകിയിരിക്കുന്നത്.
ലഭിക്കുന്ന സിഗ്നലുകളുടെ വിവരങ്ങൾ ഈ ഏജൻസിയാണ് അതത് റെയിൽവേ ഡിവിഷനുകളിലേക്ക് കൈമാറുന്നത്. ഈ പ്രവർത്തനവും തത്സമയം നടക്കും. റെയിൽവേ ബോർഡ്, റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ എന്നിവ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന സ്മാർട്ട് കോച്ചുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നുണ്ട്.
കൂടുതൽ സ്മാർട്ട് കോച്ചുകൾ പുറത്തിറക്കാനുള്ള തീരുമാനത്തിലാണ് റെയിൽവേ മന്ത്രാലയം. നിലവിലുള്ള എൽ.എച്ച്.ബി. കോച്ചുകളെ സ്മാർട്ട് ആക്കാനുള്ള പദ്ധതിയും ആവിഷ്കരിക്കുന്നുണ്ട്.
ടാങ്കിൽ വെള്ളം കുറഞ്ഞാലും അറിയാം
ഓടുന്ന തീവണ്ടിയിലെ കോച്ചുകളിലെ ടാങ്കിലെ വെള്ളത്തിന്റെ നിരപ്പും തത്സമയം അറിയാനുള്ള സംവിധാനം സ്മാർട്ട് കോച്ചുകളിലുണ്ട്. മീഡിയം നിരപ്പിൽ എത്തുമ്പോൾ സന്ദേശം ഡിവിഷനുകളിലേക്ക് പോകും. വെള്ളം നിറയ്ക്കാനുള്ള നിർദേശം അടുത്ത സ്റ്റേഷനിൽ നൽകുകയും ചെയ്യാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..