തിരുവനന്തപുരം: സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ കാര്യോപദേശക സമിതി തീരുമാനിച്ചതോടെ അവിചാതിരമായ സഭാ നടപടികളിലേക്ക് നീങ്ങുകയാണ് കേരള നിയമസഭ. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പീക്കറെ മാറ്റണമെന്ന ഒരു പ്രമേയം നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വരുന്നത്. നിയമസഭാ ചരിത്രത്തില്‍ ഇത് മൂന്നാംതവണയാണ് സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം സഭ ചര്‍ച്ചചെയ്യുന്നത്. 

ജനുവരി 21ന് പ്രമേയം പരിഗണിക്കുമ്പോള്‍ സഭയുടെ ഡയസിലിരിക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സാധിക്കില്ല. ചട്ടപ്രകാരം സ്പീക്കര്‍ ഡയസില്‍ നിന്ന് താഴേക്കിറങ്ങി മറ്റു സഭാംഗങ്ങള്‍ക്കൊപ്പം ഇരിക്കണം. ഈ സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്കാണ് സഭ നിയന്ത്രിക്കാനുള്ള ചുമതല. പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ച ശേഷം ആരോപണങ്ങളില്‍ വ്യക്തിപരമായി തന്റെ ഭാഗം വിശദീകരിക്കാന്‍ സ്പീക്കര്‍ക്ക് അവസരമുണ്ട്. ഇതിനുശേഷമാണ് പ്രമേയത്തിന്‍മേല്‍ സഭ വോട്ടെടുപ്പിലേക്ക് നീങ്ങുക. 

വോട്ടെടുപ്പില്‍ പ്രമേയം പരാജയപ്പെട്ടാല്‍ സ്പീക്കര്‍ക്ക് വീണ്ടും ഡയസിലേക്കെത്തി സഭയെ അഭിസംബോധന ചെയ്യാം. സഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാല്‍ പ്രതിപക്ഷ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പാണ്. എന്നാല്‍ സ്പീക്കര്‍ക്കെതിരേയും സര്‍ക്കാരിനെതിരേയും സഭയില്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് ലഭിക്കുന്ന അവസരമാണിത്. പ്രമേയം പരാജയപ്പെടുന്നതോടെ 22ന് സഭ സമ്മേളനം അവസാനിക്കുന്ന ദിവസം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തന്നെയാകും സഭാനടപടികള്‍ നിയന്ത്രിക്കുക. 

കേരള നിയമസഭാ ചരിത്രത്തില്‍ ഇത് മൂന്നാംതവണയാണ് ഒരു സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം സഭയുടെ പരിഗണനയില്‍ വരുന്നത്. എ. സി ജോസ് സ്പീക്കറായിരുന്ന കാലത്ത് 1982ലും വക്കം പുരുഷോത്തമന്‍ സ്പീക്കറായിരുന്ന വേളയില്‍ 2004ലും പ്രതിപക്ഷം ഇരുവര്‍ക്കെതിരേയും പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ രണ്ട് പ്രമേയങ്ങളും പരാജയപ്പെടുകായിരുന്നു. 

ഈ സര്‍ക്കാരിന്റെ കാലത്ത് നേരത്തെയും സ്പീക്കറെ നീക്കം ചെയ്യാന്‍ പ്രതിപക്ഷം അനുമതി തേടിയിരുന്നുവെങ്കിലും 14 ദിവസത്തെ ചട്ടപ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിക്കാന്‍ കഴിയാത്തതിനാല്‍ നോട്ടീസിന് അനുമതി നല്‍കിയിരുന്നില്ല. സ്പീക്കര്‍ സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള കേസുകളില്‍ ആരോപണ വിധേയനായ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരേ പ്രമേയവുമായി പ്രതിപക്ഷത്തിന്റെ രാഷ്ട്രീയനീക്കം. 

content highlights: rules of non confidence motion against speaker