ചെന്നൈ:  കേരളത്തില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണം. കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ശക്തമാക്കുന്നത്. കേരളത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനിടയില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം കയ്യില്‍ കരുതണം. രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതി.

പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒരു ഇടവേളയ്ക്ക് ശേഷം വര്‍ദ്ധനവ് വന്നതോടെ കോയമ്പത്തൂരില്‍ നിയന്ത്രണം കടുപ്പിക്കന്നത്. കേരളത്തിലെ കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്തു. വാളയാര്‍ ഉള്‍പ്പെടെ കോയമ്പത്തൂരിലേക്ക് പ്രവേശിക്കാനുള്ള എല്ലാ ചെക്ക് പോസ്റ്റിലും കര്‍ശന പരിശോധന ഉണ്ടാകും. പരിശോധനാ ഫലമോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കൈവശമില്ലാത്തവര്‍ ചെക്‌പോസ്റ്റില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം.

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് സഞ്ചരിക്കുമ്പോള്‍ കോയമ്പത്തൂരിലേയും നീലഗിരിയിലേയും അതിര്‍ത്തിയില്‍ മാത്രമാണ് ഈ നിയന്ത്രണങ്ങള്‍ ഉള്ളു. മറ്റിടങ്ങളിലൂടെ യാത്ര ചെയ്യാന്‍ തമിഴ്‌നാട് ഇ-പാസ് മാത്രം കയ്യില്‍ കരുതിയാല്‍ മതി.

Content Highlights: RTPCR negative result or vaccination certificate mandatory for travellers from kerala