പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് അഞ്ച് പേര്‍ ചേര്‍ന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മൂന്ന് പേര്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു. സംഭവത്തില്‍ എട്ട് പ്രതികളുണ്ടെന്ന് ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയിലും പറയുന്നുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാര്‍ ഓടിച്ചയാളുടെ കുറ്റസമ്മതമൊഴിയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. 

അഞ്ച് പേര്‍ ചേര്‍ന്നാണ് കൊല നടത്തിയത്. ഇവര്‍ക്ക് സഹായം നല്‍കാനായി മറ്റ് മൂന്ന് പേര്‍ കൂടിയുണ്ടായിരുന്നു. നാല് പേര്‍ കാറില്‍ നിന്നിറങ്ങി സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തി. മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് തിരിച്ചുപോയതെന്നും കുറ്റസമ്മതമൊഴിയില്‍ പറയുന്നുണ്ട്. 

നവംബര്‍ 15-ന് രാവിലെ ഒമ്പതുമണിയോടെയാണ് ആര്‍.എസ്.എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ ഭാര്യവീട്ടില്‍നിന്ന് അല്‍പമകലെയായി മമ്പറത്ത് ഒരുസംഘം ആളുകള്‍ ഭാര്യയുടെ മുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയത്. പതിനഞ്ച് വെട്ടാണ് ശരീരത്തിലുള്ളത്.

സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെ വ്യാഴാഴ്ച സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.