പാലക്കാട്: സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് ആരാണെന്ന ചോദ്യത്തിന് സംസ്ഥാന സര്‍ക്കാരും പോലീസും ഉത്തരം പറയണമെന്ന് സുരേഷ് ഗോപി എം.പി. വെട്ടേറ്റുകൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ എലപ്പുള്ളിയിലുള്ള വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികളെ വേഗം പിടികൂടി സാമൂഹികനീതി ഉറപ്പാക്കുകയാണ് വേണ്ടത്. കൊലപാതകത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ട പാതകളില്‍ നിരീക്ഷണമില്ല. കൊലപാതക വിവരമറിഞ്ഞ പോലീസും അനങ്ങിയില്ല.

പോലീസിന് വിവരം ലഭിക്കുമ്പോള്‍ ആരൊക്കെ ഡ്യൂട്ടിയിലുണ്ടായിരുന്നോ അവരെല്ലാം ഇതിന് ഉത്തരം പറയണം. പോലീസിന്റെ അന്വേഷണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കുകയും പോലീസിനോട് ഉത്തരംപറയിക്കുകയും വേണം. അല്ലെങ്കില്‍ നമുക്ക് വേറെ വഴിനോക്കാമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കുകയാണ് വേണ്ടത്.

എല്ലാവരെയും മനുഷ്യനെന്ന നിലയ്ക്ക് കണ്ടാല്‍ മതി. അതില്‍ രാഷ്ട്രീയമോ ജാതിയോ വര്‍ഗമോ വിഭാഗമോ ഒന്നും വേര്‍തിരിക്കേണ്ട. പോലീസ് ഉദ്യോഗസ്ഥരെങ്കിലും മനുഷ്യരാകാന്‍ ശ്രമിക്കണമെന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച വൈകീട്ടാണ് സുരേഷ് ഗോപി എലപ്പുള്ളിയിലെ സഞ്ജിത്തിന്റെ വീട്ടിലെത്തിയത്. സഞ്ജിത്തിന്റെ ഭാര്യയോടും വീട്ടുകാരോടും കാര്യങ്ങളന്വേഷിച്ച സുരേഷ് ഗോപി അവരെ ആശ്വസിപ്പിച്ചു.

ബി.ജെ.പി. സംസ്ഥാന ഖജാന്‍ജി ഇ. കൃഷ്ണദാസ്, മണ്ഡലം അധ്യക്ഷന്‍ എം. സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.