എറണാകുളം ഡി.സി.സി.യുടെ ആഭിമുഖ്യത്തിലുള്ള സാബർമതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച 'മിസ്സ്റ്റേറ്റി'ൽ തുഷാർ ഗാന്ധി പ്രഭാഷണം നടത്തുന്നു | Photo: Mathrubhumi
കൊച്ചി: സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസിന്റെ പങ്ക് അവരുടെ ലൈബ്രറിയിലെ ഏതെങ്കിലും പുസ്തകത്തിൽ കാണിച്ചുതന്നാൽ താൻ ആർ.എസ്.എസിൽ ചേരാമെന്ന് മഹാത്മാഗാന്ധിയുടെ മകന്റെ ചെറുമകനും സാമൂഹിക പ്രവർത്തകനുമായ തുഷാർ ഗാന്ധി. ഗാന്ധിജിക്കു നേരേ നിറയൊഴിച്ചത് ഗോഡ്സെ ആണെങ്കിലും അതിന് എല്ലാ തരത്തിലും പിന്തുണയും പ്രേരണയുമായത് ആർ.എസ്.എസിന്റെ ആശയങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സാബർമതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പ്രഭാഷണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരു പങ്കുമില്ലാത്തവർ പുതിയ കഥകൾ പ്രചരിപ്പിക്കുകയാണ്. ചൂണ്ടിക്കാട്ടുന്നതിന് അവർക്ക് ഒരു സ്വാതന്ത്ര്യ സമര സേനാനി പോലുമില്ല. അവരപ്പോൾ ഇംഗ്ലീഷ് യജമാനനെ സേവിക്കുകയായിരുന്നു. സംശയമുള്ളവർ നാഗ്പുരിൽ ആർ.എസ്.എസ്. ആസ്ഥാനത്തെ ലൈബ്രറി സന്ദർശിച്ചാൽ മതിയാകും-തുഷാർ ഗാന്ധി പറഞ്ഞു.
നമുക്ക് ആരാധിക്കാൻ ഗാന്ധിയും നെഹ്റുവും മൗലാന ആസാദും സുഭാഷ് ചന്ദ്ര ബോസുമൊക്കെയുണ്ട്. അവരുടെ ആചാര്യൻമാർ ഗോഡ്സെയും ഗാന്ധിവധത്തിൽ പ്രതികളായവരും മാത്രമാണ്. അതു നാം തിരിച്ചറിയണം. ഭയം ജനിപ്പിച്ചാണ് പല തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. ജയിക്കുന്നത്.
സംഘപരിവാർ പ്രചാരകർ വ്യത്യസ്തവും വികൃതവുമായ ആശയങ്ങൾ കൊണ്ടുവന്ന് നിലവിലെ ചരിത്ര രേഖകളിൽ ബോധപൂർവം സംശയങ്ങൾ സൃഷ്ടിക്കുകയാണ്. ചരിത്രത്തെ വികലമാക്കുന്നത് രാജ്യത്തോടുള്ള വെല്ലുവിളിയാണ്. ഗാന്ധിജി ഇന്ത്യൻ മണ്ണിലൂടെ നടന്ന് സാധാരണക്കാരുടെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞാണ് രാഷ്ട്രനിർമാണത്തിനായി മുന്നിട്ടിറങ്ങിയത്. പൂ ർവികരുടെ ത്യാഗത്തിന്റെ സ്മരണകൾ മറക്കാതിരിക്കാൻ ഇന്ന് ഒരാൾ രാജ്യം മുഴുവൻ നടക്കുന്നതിന്റെ നേർക്കാഴ്ചയാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ യാഥാർത്ഥ്യമാക്കുന്നത്. തിരഞ്ഞെടുപ്പ് ജയത്തെക്കാൾ ഉപരി ഈ ആശയധാരയുടെ വിജയമാണ് പ്രധാനമെന്ന് മനസ്സിലാക്കി കോൺഗ്രസ് പാർട്ടി അതിനെ പിന്തുണയ്ക്കണം.
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുകയെന്ന് ഗാന്ധിജി പറഞ്ഞ 1942-ൽനിന്ന് വലിയ വ്യത്യാസമില്ല 2023-ലെ ഇന്ത്യൻ സാഹചര്യത്തിൽ. അന്ന് വിദേശികളോടാണ് പോരാടേണ്ടിയിരുന്നതെങ്കിൽ ഇന്നത് സ്വദേശി ഫാസിസ്റ്റുകളോടാണെന്ന വ്യത്യാസം മാത്രമേയുള്ളൂവെന്നും തുഷാർ ഗാന്ധി പറഞ്ഞു.
ചടങ്ങിൽ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. ജെബി മേത്തർ എം.പി., ടി.ജെ. വിനോദ് എം.എൽ.എ., എ.ഐ.സി.സി. സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ, വി.ജെ. പൗലോസ്, ദീപ്തി മേരി വർഗീസ്, കെ.പി. ധനപാലൻ, ഡോ. എം.സി. ദിലീപ് കുമാർ, ഡോ. ടി.എസ്. ജോയ്, ഐ.കെ. രാജു, ടോണി ചമ്മണി, ജിന്റോ ജോൺ, സി.ആർ. നീലകണ്ഠൻ, ഡോ. ജാക്സൻ തോട്ടുങ്കൽ, അഡ്വ. കെ.ബി. സാബു, ഷൈജു കേളന്തറ തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: rss tushar gandhi indian independence struggle no role nagpur head quarters library
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..