റബർ ബോർഡ് ആസ്ഥാനം | ഫോട്ടോ: ഇ.വി രാഗേഷ് | മാതൃഭൂമി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ച റബ്ബർ ബോര്‍ഡ് അംഗങ്ങളുടെ പട്ടികയില്‍ ഒരു വര്‍ഷം മുന്‍പ് മരിച്ച ആര്‍എസ്എസ് പ്രവർത്തകന്റെ പേരും. ആര്‍എസ്എസ് പ്രവര്‍ത്തകനും മുന്‍ പ്രചാരകനുമായിരുന്ന കോഴിക്കോട് സ്വദേശി മലയമ്മലിലെ പൂലോട്ട് പി. ശങ്കരനുണ്ണിയുടെ പേരാണ് അദ്ദേഹത്തിന്റെ മരണശേഷം പുറത്തുവന്ന പട്ടികയിലുള്ളത്.
2021 ഓഗസ്റ്റിലാണ് ശങ്കരനുണ്ണി മരിച്ചത്. 2022 ജൂണ്‍ 30-ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ബോര്‍ഡ് അംഗങ്ങളുടെ പട്ടികയില്‍ ഇദ്ദേഹം ഉള്‍പ്പെട്ടിട്ടുള്ളതായാണ് ആരോപണം.
റബര്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ശങ്കരനുണ്ണി. ബോര്‍ഡില്‍ മൂന്ന് പേരുടേതാണ് രാഷ്ട്രീയ നിയമനം. പാര്‍ട്ടി നേതൃത്വം നല്കിയ പട്ടിക അനുസരിച്ചാണ് നിയമനമെങ്കിലും മരിച്ച വ്യക്തി എങ്ങനെയാണ് ബോര്‍ഡില്‍ ഇടംപിടിച്ചതെന്ന് അറിയില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.
പുനഃസംഘടന നീണ്ടുപോയതിനാലുണ്ടായ പിഴവാകാമെന്നും നേതൃത്വം കരുതുന്നു. കന്യാകുമാരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍ഷക മോര്‍ച്ച നേതാവും മലയാളിയുമായ ജി.അനില്‍ കുമാര്‍, കോട്ടയത്തെ ബിജെപി നേതാവ് എന്‍. ഹരി എന്നിവരാണ് മറ്റ് രാഷ്ട്രീയ നോമിനികള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..