സദാനന്ദൻ മാസ്റ്റർ പുറത്തുവിട്ട വി.ഡി സതീശൻറെ ചിത്രം
തിരുവനന്തപുരം: സംഘപരിവാര്‍-വി.ഡി സതീശന്‍ പോര് മുറുകുന്നു. 2006-ല്‍ പറവൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ വി.ഡി. സതീശന്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ പുറത്തുവിട്ടു. ഗോള്‍വള്‍ക്കറിന്റെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തുന്ന ചിത്രമാണ് പുറത്തുവിട്ടത്. അന്ന് ഗോള്‍വള്‍ക്കര്‍ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല, രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശന്‍ ഇപ്പോള്‍ പുട്ടിന് പീരപോലെ ഇടക്കിടെ ആര്‍എസ്എസിനെ ആക്രമിക്കുന്നുവെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍.വി ബാബു കുറിച്ചു.
സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം വിവാദത്തിലായ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവും ആര്‍എസ്എസും തമ്മിലുള്ള വാക്‌പോര് ആരംഭിച്ചത്. ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷുകാര്‍ എഴുതിക്കൊടുത്തതാണെന്ന സജി ചെറിയാന്റെ പ്രസ്താവന ആര്‍.എസ്.എസ് അഭിപ്രായത്തിന് സമാനമാണെന്നായിരുന്നു വി.ഡി സതീശന്റെ പ്രതികരണം. ഗോള്‍വള്‍ക്കര്‍ 'ബഞ്ച് ഓഫ് തോട്ട്സ്' എന്ന പുസ്തകത്തിലും ഇതേ വാദം ഉന്നയിച്ചിട്ടുണ്ട്. 'ബഞ്ച് ഓഫ് തോട്ട്സ്' എന്ന ഈ പുസ്തകം കണ്ണൂര്‍ സര്‍വകലാശാലയില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചവരാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. ആര്‍.എസ്.എസ് ആശയങ്ങളാണ് സജി ചെറിയാന്‍ ഉയര്‍ത്തുന്നത്. ഗോള്‍വള്‍ക്കറുടെ പുസ്തകം മാത്രം വായിച്ച് ആര്‍.എസ്.എസ് ആശയങ്ങള്‍ മാത്രം പഠിച്ച സജി ചെറിയാന്‍ രാജിവെച്ച് പുറത്തുപോകുന്നതാണ് നല്ലതെന്ന് വി.ഡി സതീശന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.
പിന്നാലെ ബിജെപി നേതാവ് സദാനന്ദന്‍ മാസ്റ്റര്‍ 2013-ല്‍ ആര്‍എസ്എസ് പരിപാടിയില്‍ വി.ഡി സതീശന്‍ പങ്കെടുക്കുന്ന ചിത്രം പുറത്തുവിട്ടു. 'ചില ഓര്‍മ്മച്ചിത്രങ്ങള്‍ ഇവിടെ പങ്കുവെയ്ക്കട്ടെ, ദുരുദ്ദേശമൊന്നുമില്ല, ചിലരുടെ ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയാന്‍ ഉപകരിക്കു'മെന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സദാനന്ദന്‍ മാസ്റ്റര്‍ കുറിച്ചത്. സതീശനെതിരെ ആര്‍.എസ്.എസ് നോട്ടീസയച്ചിട്ടുണ്ടെന്നും സദാനന്ദന്‍ മാസ്റ്റര്‍ കുറിച്ചു.
ആര്‍.എസ്.എസ് അയച്ച നോട്ടീസിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് വ്യക്തമാക്കി വി.ഡി സതീശന്‍ വീണ്ടും ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തി. ഗോള്‍വള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്ട്സില്‍ പറയുന്ന ഇതേ കാര്യങ്ങള്‍ തന്നെയാണ് സജി ചെറിയാനും പറഞ്ഞത്. ആര്‍.എസ്.എസിന് ഭരണഘടനയോടുള്ള സമീപനവും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായിരുന്ന സജി ചെറിയാന്റെയും പ്രസ്താവനകള്‍ ഒന്നുതന്നെയാണെന്ന് ആര്‍ക്കാണ് അറിയാത്തത്? നോട്ടീസ് അയച്ചത് ആരെ ഭയപ്പെടുത്താനാണ്? അതൊക്കെ കൈയ്യില്‍ വെച്ചാല്‍ മതി. ഏത് നിയമനടപടിയും നേരിടാന്‍ തയാറാണെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു.
പിന്നാലെ കൂടുതല്‍ ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും വി.ഡി സതീശനെതിരേ രംഗത്തെത്തുകയായിരുന്നു. ഏറ്റവും ഒടുവിലാണ് ആര്‍.വി ബാബുവിന്റെ പോസ്റ്റ്.
Content Highlights: RSS digs up VD Satheesan’s past Sangh camaraderie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..