കൊച്ചി: സംസ്ഥാന ബിജെപിയുടെ സമീപകാല പ്രവര്‍ത്തനങ്ങളില്‍ കടുത്ത വിമര്‍ശവുമായി ആര്‍എസ്എസ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏകോപനം അടക്കം പാളിയെന്നും നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ പിടിയിലാണെന്നും ആര്‍എസ്എസ് നേതൃത്വം ആക്ഷേപിച്ചു. കൊച്ചിയില്‍ നടന്ന ബിജെപി-ആര്‍എസ്എസ് നേതൃയോഗത്തിലാണ് വിമര്‍ശനം

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴല്‍പ്പണ വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂക്ഷമായതോടെ ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി ചേര്‍ന്ന് സംഘടനാ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി-ആര്‍എസ്എസ് നേതൃയോഗം കൊച്ചിയില്‍ ചേര്‍ന്നത്. 

തിരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉള്‍പ്പെടെ ജനങ്ങളില്‍ എത്തിക്കുന്ന തരത്തില്‍ ശക്തമായ പ്രചാരണം ബിജെപിക്ക് സംഘടിപ്പിക്കാനായില്ല. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അനാവശ്യ തര്‍ക്കങ്ങളും വീഴ്ചകളും കോട്ടമുണ്ടാക്കി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന കാരണമായി പലഘട്ടങ്ങളിലും ഉയര്‍ന്നുവന്നത് നേതാക്കളുടെ വിഭഗീയതയാണെന്നും ആര്‍എസ്എസ് വിമര്‍ശിച്ചു. അതിനാല്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് നിര്‍ദേശം. 

ഗ്രൂപ്പിസത്തിനെതിരേ പലകുറി നിലപാടെടുത്തിട്ടും മാറ്റമുണ്ടാകാത്തതിലുള്ള നീരസവും സംഘ നേതൃത്വം പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ ബിജെപിയുടെ സംഘടനാ സംവിധാനത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്നാണ് ആര്‍എസ്എസ് നിലപാട്. ഇതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ സംഘടനാ ഓഡിറ്റിങ് ഉണ്ടാകും. 

നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന സംവിധാനം രൂപീകരിക്കാനാണ് നീക്കം. സാമ്പത്തിക കാര്യങ്ങളിലും പരിശോധനാ സംവിധാനം ഉണ്ടായേക്കും. വിവിധ പരിവാര്‍ സംഘടനകളുടെ ആവശ്യംകൂടി പരിഗണിച്ചാണ് ആര്‍എസ്എസ് ഇതു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മുമ്പ് ജനസംഘത്തിന്റെ കാലഘട്ടത്തില്‍ ഇത്തരമൊരു ഓഡിറ്റിങ് സംവിധാനമുണ്ടായിരുന്നു. 

content highlights: RSS, kerala BJP, kerala elections