പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ആര്‍എസ്എസും എസ്എഫ്‌ഐയുമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുണ്‍ ബാബു. ഇനിയെങ്കിലും മാറ്റംവരുത്താന്‍ അവര്‍ തയ്യാറാകണമെന്നും അരുണ്‍ പറഞ്ഞു.
'എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം അരുണ്‍ കെ. എം-ന്‍റെ നേതൃത്വത്തിലാണ് എംജി സര്‍വകലാശാലയില്‍ എഐഎസ്എഫ് നേതാക്കളെ ആക്രമിച്ചത്. പുരോഗമനം പറയുമ്പോള്‍ അത് ക്യാമ്പസുകളില്‍ നടപ്പിലാക്കാന്‍ കൂടി എസ്എഫ്‌ഐ ശ്രമിക്കണം. എസ്എഫ്‌ഐ കിണറ്റിലകപ്പെട്ട തവളയുടെ അവസ്ഥയിലേക്ക് മാറരുത്. അവിടെ നിന്ന് മറുകരയിലേക്ക് ചാടി ഞങ്ങളാണ് വലുതെന്ന് കേരളത്തില്‍ അവർക്ക് പറയാന്‍ കഴിയും. കേരളം വിട്ടാല്‍ അവരുടെ അവസ്ഥ എന്താണെന്ന് ദേശീയ നേതൃത്വത്തോട് കേരളത്തിലെ നേതാക്കള്‍ ചോദിച്ച് മനസ്സിലാക്കുന്നത് നല്ലതാണ്', എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സ്വാതന്ത്യം, ജനാധിപത്യം സോഷ്യലിസം എന്ന് കൊടിയില്‍ രേഖപ്പെടുത്തുമ്പോള്‍ അതിന്റെ അര്‍ത്ഥമെന്താണെന്ന് താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം. എംജി സര്‍വകലാശാലയില്‍ മാത്രമുള്ള പ്രശ്‌നമല്ല ഇത്. തിരുവനന്തപുരത്തുമുണ്ടായി അക്രമം. അവിടെ നിന്ന് പാഠം പഠിച്ചിട്ടില്ല.
എസ്എഫ്‌ഐക്ക് മാത്രം വിജയിക്കുവാന്‍ കഴിയുന്ന തരത്തിലേക്ക് കേരളത്തിലെ കോളേജുകളിലെ തിരഞ്ഞെടുപ്പ് പരിഷ്‌കരിക്കുകയാണ്. ജനാധിപത്യമില്ല. ഇടതുമുന്നണി സര്‍ക്കാര്‍ ഇതില്‍ അടിയന്തരമായി ഇടപെടാന്‍ തയ്യാറാകണം. കേരളത്തിലെ കലാലയങ്ങളില്‍ ഫാസിസ്റ്റ് പ്രവണത ഉണ്ടായികൊണ്ടിരിക്കുകയാണ്. എബിവിപിയും ആര്‍എസ്എസും എസ്എഫ്‌ഐയും തമ്മില്‍ എന്താണ് വ്യത്യാസം. രാജ്യത്തെ മറ്റു കലാലയങ്ങളില്‍ ആര്‍എസ്എസും എബിവിപിയും ചെയ്യുന്ന അതേകാര്യങ്ങള്‍ തന്നെയാണ് കേരളത്തില്‍ എസ്എഫ്‌ഐ ചെയ്തുകൊണ്ടിരിക്കുന്നത്.
ഒരു പെണ്‍കുട്ടിക്കുനേരെ രാജ്യത്ത് മറ്റെവിടെയെങ്കിലുമായിരുന്നു ഇത്തരം ആക്രമണം നടന്നിരുന്നതെങ്കില്‍ കൊടിയും പിടിച്ച് കേരളത്തിലെ സര്‍വകലാശാലകള്‍ മുഴുവന്‍ ഇവര്‍ ജാഥ നടത്തുമായിരുന്നു. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ തെറ്റ് പറ്റിയെന്ന് പോലും പറയാന്‍ തയ്യാറാകാതിരിക്കുന്നതെന്നും എഐഎസ്എഫ് ചോദിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..