ഷിബു ബേബിജോൺ |ഫോട്ടോ:മാതൃഭൂമി
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ആര്‍എസ്പി പൊട്ടിത്തെറിയിലേക്ക്. ആര്‍എസ്പി നേതാവും ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബി ജോണ്‍ പങ്കെടുത്തില്ല. യുഡിഎഫിലെ ഐക്യമില്ലായ്മയാണ് ചവറയിലടക്കം ആര്‍എസ്പിയുടെ മത്സരിച്ച അഞ്ചു സീറ്റിലും പരാജയപ്പെടാന്‍ കാരണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. യുഡിഎഫിനോടും പാര്‍ട്ടിയോടും ഒരേസമയം അതൃപ്തി പ്രകടിപ്പിക്കുകയാണ് ഷിബു.
ചവറയില്‍ ഇത്തവണ വിജയം ഉറപ്പിച്ചതായിരുന്നു ആര്‍എസ്പിയും ഷിബു ബേബി ജോണും. കുന്നത്തൂരും ഇരവിപുരത്തും മികച്ച വിജയസാധ്യതയും പാര്‍ട്ടി കണക്കാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 2016-ലേത് പോലെ ആര്‍എസ്പിക്ക് വട്ടപൂജ്യം.
തുടര്‍ച്ചയായി രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആര്‍എസ്പിക്ക് പ്രാതിനിധ്യമില്ലാതായതോടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെല്ലാം മന്ദീഭവിച്ചു. കീഴ്ഘടകങ്ങളില്‍ വലിയ കൊഴിഞ്ഞുപോക്കുണ്ടായി. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ യുഡിഎഫ് വിടണമെന്ന് ഒരു വിഭാഗം വാദിച്ചു. എന്നാല്‍ നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ ധൃതിപിടിച്ച് തീരുമാനമെടുക്കുന്നത് അപക്വമാകുമെന്ന് വിലയിരുത്തലില്‍ യോഗം പിരിഞ്ഞു.
പാര്‍ട്ടിയില്‍ തന്റെ തീരുമാനങ്ങള്‍ക്ക് വേണ്ടത്ര വിലകല്‍പ്പിക്കുന്നില്ലെന്ന പരാതിയും ഷിബു ജോണ്‍ ഉയര്‍ത്തുന്നുണ്ട്. അതേ സമയം ഷിബു ബേബി ജോണിന്റെ പാര്‍ട്ടി പരിപാടികളില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ പാര്‍ട്ടിയില്‍ ആധിപത്യം നേടാനുള്ള സമ്മര്‍ദ്ദതന്ത്രമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടി യുഡിഎഫ് വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്പി കൊല്ലം ജില്ലാ കമ്മിറ്റി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ജൂണ്‍ ഒന്നിന് നടക്കുന്ന നേതൃയോഗത്തില്‍ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നാണ് നേതാക്കള്‍ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..