തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ നയതന്ത്രകാര്യാലയത്തിൽ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറെ നിയമിച്ച ഡിജിപി ലോക്നാഥ് ബെഹ്റയുടെ നടപടി ഗൗരവതരമെന്ന് ആർഎസ്പി. കള്ളക്കടത്ത് കേസിലെ പ്രതികളുമായി ഡിജിപി ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുള്ള അവിഹിത ബന്ധത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണവും അടിയന്തര നടപടിയും വേണമെന്ന് ആർഎസ്പി ആവശ്യപ്പെട്ടു.

ഡിജിപിയുടെ നോമിനി കള്ളക്കടത്തിലും രാജ്യദ്യോഹ കുറ്റത്തിലും സംശയത്തിന്റെ നിഴലിലാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും ഉദ്യോഗസ്ഥരും നയതന്ത്ര കാര്യാലയവുമായി നടത്തിയ നേരിട്ടുള്ള ഇടപാടുകൾ പ്രോട്ടോക്കോൾ ലംഘനവും രാജ്യതാത്‌പര്യത്തിന് വിരുദ്ധമാണെന്നും ആർഎസ്പി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടേയും രാജ്യദ്രോഹ കുറ്റവാളികളുടേയും റിക്രൂട്ട്മെന്റ് കേന്ദ്രമായി മാറി. മുഖ്യമന്ത്രി നേരിട്ട് നിയമിച്ചവരാണ് പ്രതിസ്ഥാനത്തുള്ളവർ. മുഖ്യമന്ത്രിയെ വെള്ളപൂശാൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചു ചേർക്കുന്നത് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാനുള്ള അടവുനയം മാത്രമാണ്. മുഖ്യമന്ത്രി ചുമതല വഹിക്കുന്ന ആഭ്യന്തര വകുപ്പും ഐടി വകുപ്പും പരാജയത്തിന്റെ പടുകുഴിയിലാണ്. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണെന്നും ആർഎസ്പി ആവശ്യപ്പെട്ടു.

റേഷൻ കടകളുടെ ഓട്ടോമേഷനായി ഇ-പോസ് സ്ഥാപിക്കാനുള്ള ടെണ്ടറിൽ കേന്ദ്ര പൊതുമേഖല സ്ഥാപനമായ പാലക്കാട്ടെ ഐ.ടി.ഐയെ ഒഴിവാക്കി വിഷൻടെക്കിന് കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നും ആർഎസ്പി ആരോപിച്ചു. വിഷൻടെക്കിന് വിജയകരമായി ടെക്നിക്കൽ ഡെമോ നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഉന്നത ഇടപെടലിലൂടെ സമയം നീട്ടിനൽകി ഡെമോ നടത്താൻ അവസരം നൽകി സർക്കാർ ഈ കരാർ വിഷൻടെക്കിന് ഉറപ്പിക്കുകയായിരുന്നുവെന്നാണ് ആർഎസ്പിയുടെ ആരോപണം.

content highlights:RSP Allegedly against DGP over gold smuggling case