pr
കണ്ണൂര്‍ സിറ്റി: ബാന്‍ഡ് മേളം, മുത്തുക്കുടകള്‍, ഒപ്പന, വഴിനിറയെ പുരുഷാരം, ഘോഷയാത്രയില്‍ പങ്കെടുത്ത് ഒട്ടേറെ വനിതകളും കുട്ടികളും.... തുറന്ന ജീപ്പില്‍ രാജകീയമായി നാട് ആനയിച്ചത് അവരുടെ ജനകീയ അധ്യാപകനെ. കഴിഞ്ഞദിവസം കണ്ണൂര്‍ സിറ്റി സാക്ഷ്യം വഹിച്ചത് ഉത്സവഛായയില്‍ തീര്‍ത്തും രാജകീയമായ ഒരു യാത്രയയപ്പിന്.
32 വര്‍ഷത്തെ സേവനത്തിനുശേഷം മാര്‍ച്ച് 31-ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന നീര്‍ച്ചാല്‍ യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പാനൂര്‍ അരയാക്കൂല്‍ സ്വദേശി വി.പി.രാജനാണ് നാട് താളമേളങ്ങളോടെ യാത്രയയപ്പ് നല്‍കിയത്. ഒരു അധ്യാപകന്‍ നാടിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ നേര്‍ച്ചിത്രം. കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീര്‍ ചെയര്‍മാനും സഹീര്‍ അറക്കകത്ത് കണ്‍വീനറുമായ സ്വാഗതസംഘമാണ് യാത്രയയപ്പിന് നേതൃത്വം നല്‍കിയത്. ഒപ്പം വാര്‍ഡ് കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, സിയാദ് തങ്ങള്‍, അഷ്‌റഫ് ചിറ്റൂളി എന്നിവരും മുന്‍നിരയിലുണ്ടായി. മേയര്‍ ടി.ഒ.മോഹനന്‍ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ. ഉപഹാരം നല്‍കി.
മൂന്ന് പതിറ്റാണ്ട് പിന്നിട്ട ദിനചര്യ
ബാല്യത്തില്‍ പോളിയോ ബാധിച്ചതിന്റെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും വിദ്യാലയം കഴിഞ്ഞിട്ടേ ഇദ്ദേഹത്തിന് മറ്റൊരു ലോകമുള്ളൂ. രാവിലെ എട്ടിന് സ്‌കൂളിലെത്തും. മറ്റെല്ലാ അധ്യാപകരും ജീവനക്കാരും സ്‌കൂളില്‍നിന്ന് ഇറങ്ങിയശേഷം വൈകി മടക്കം. വര്‍ഷങ്ങളായി ഇദ്ദേഹത്തിന്റെ ദിനചര്യ ഇതാണ്. സമീപകാലത്തായി ഭാര്യയാണ് കാറില്‍ സ്‌കൂളില്‍ കൊണ്ടുവരുന്നതും തിരികെ വീട്ടിലെത്തിക്കുന്നതും. സ്ഥലംമാറ്റം വാങ്ങി സ്വന്തം നാട്ടില്‍ ജോലിചെയ്യാന്‍ അവസരങ്ങളേറെയുണ്ടായിട്ടും സ്വന്തം സ്‌കൂളിനെ മാറോടുചേര്‍ക്കുകയായിരുന്നു ഇദ്ദേഹം. സഹപ്രവര്‍ത്തകരെയും പി.ടി.എ. അംഗങ്ങളെയും യോജിപ്പിച്ച് സ്‌കൂളിന്റെ വികസനത്തിന് ഒപ്പംനിന്നു.
പുതിയ കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, സോളാര്‍ പാനല്‍, പൂന്തോട്ടം, സ്‌കൂള്‍ ബസ്, ആധുനിക അടുക്കള എന്നിവയെല്ലാം പടുത്തുയര്‍ത്തുന്നതിന് ചുക്കാന്‍പിടിച്ചു. കോവിഡ് കാലത്ത് 40 കുട്ടികള്‍ക്കാണ് സ്മാര്‍ട്ട് ഫോണുകള്‍ സമാഹരിച്ച് നല്‍കിയത്. സംസ്ഥാന ശാസ്ത്രമേളയില്‍ അധ്യാപര്‍ക്കുള്ള മത്സരത്തില്‍ കഴിഞ്ഞവര്‍ഷം ഒന്നാം സ്ഥാനവും നേടി. 1991-ലാണ് പി.എസ്.സി. നിയമനം ലഭിച്ചത്. ആദ്യകാലത്ത് ക്ലാസ് മുറികള്‍ വൃത്തിയാക്കുന്നതും പുന്തോട്ടം നനയ്ക്കുന്നതുമെല്ലാം സ്വയമായിരുന്നു. പ്രമീളയാണ് ഭാര്യ. വിദ്യാര്‍ഥിനികളായ ആര്‍ഷ രാജന്‍, മാളവിക രാജന്‍ എന്നിവര്‍ മക്കള്‍.
Content Highlights: royal send-off to the popular teacher
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..