കെ.സുധാകരൻ ,റോജി എം. ജോൺ
ന്യൂഡല്‍ഹി: കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരനൊപ്പം റോജി എം. ജോണ്‍ പരിഗണനയില്‍ വരുന്നത് തലമുറമാറ്റമെന്ന സാധ്യതയില്‍. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് ഏര്‍പ്പെടുത്തിയശേഷം കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിസംഘടനയായ എന്‍.എസ്.യു.ഐ.യില്‍ ആദ്യമായി അധ്യക്ഷനായ ആളാണ് റോജി എം. ജോണ്‍. രാഹുലിന് അടുപ്പമുള്ള നേതാവുമാണ്. കോണ്‍ഗ്രസിലേക്ക് ക്രിസ്ത്യന്‍ സമുദായത്തെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന നയം ഈ ആലോചനയ്ക്കു പിന്നിലുണ്ട്.
കെ. സുധാകരനെ കെ.പി.സി.സി. അധ്യക്ഷനാക്കാന്‍ എ.ഐ.സി.സി. നേരത്തേ തത്ത്വത്തില്‍ തീരുമാനിച്ചിരുന്നു. ഹൈക്കമാന്‍ഡിന്റെ ഭാഗമായുള്ള കേരളത്തിലെ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത രീതിയോടുള്ള അതൃപ്തിയുള്പ്പെടെ രേഖപ്പെടുത്തി മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും മൗനംപാലിച്ചതോടെ പ്രഖ്യാപനം മാറ്റി.
തോല്‍വിയെക്കുറിച്ചന്വേഷിച്ച അശോക് ചവാന് കമ്മിറ്റിക്കു മുമ്പാകെ കെ. സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരന്, പി.ടി. തോമസ് തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. സുധാകരനെ അധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനവുമെടുത്തതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. സുധാകരന്റെയോ കൊടിക്കുന്നിലിന്റെയോ പേരുകളോട് എ., ഐ. ഗ്രൂപ്പുകള്‍ താത്പര്യം കാണിച്ചില്ല.
തലമുറമാറ്റത്തിന്റെ ഭാഗമായി പി.സി. വിഷ്ണുനാഥിനെ പിന്തുണയ്ക്കാന്‍ എ ഗ്രൂപ്പും മുതിര്‍ന്നില്ല. ഇതോടെയാണ് രാഹുലിനു കൂടി താത്പര്യമുള്ള റോജിയുടെ പേര് പരിഗണിച്ചതെന്നാണ് സൂചന. വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ട നാലുപേരില്‍ ഒരാള്‍ കൂടിയാണ് റോജി.
Content Highlight: Roji M John to be named KPCC President
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..