ഇരയെ വിവാഹം കഴിക്കുന്നതിനായി കൊട്ടിയൂര്‍ പീഡന കേസിലെ കുറ്റവാളി റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ഇരയെ വിവാഹം കഴിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിവാഹം ഉള്‍പ്പടെ ഉള്ള ആവശ്യങ്ങളില്‍ ഇരുവര്‍ക്കും ഹൈക്കോടതിയെ സമീപിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. '

ഇന്ന് കോടതിയില്‍ നടന്നത് 

ബെഞ്ച് : ജസ്റ്റിസ് വിനീത് ശരണ്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി

അലക്‌സ് ജോസഫ് (ഇരയുടെ അഭിഭാഷകന്‍) ; സീനിയര്‍ അഭിഭാഷക കിരണ്‍ സൂരി ആണ് ഇരയ്ക്ക് വേണ്ടി ഹാജരാക്കുന്നത്.

കിരണ്‍ സൂരിയുടെ മൈക് കണ്‍ട്രോള്‍ റൂം ഓണ്‍ ആക്കി.

കിരണ്‍ സൂരി : കുറ്റവാളിക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി ആണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. ഇരയ്ക്ക് ശിക്ഷിക്കപ്പെട്ട പ്രതിയെ വിവാഹം ചെയ്യണം.  കുട്ടിക്ക് നിയമപരമായ പിതൃത്വം ഉറപ്പാക്കാന്‍ ആണ് വിവാഹം.

ജസ്റ്റിസ് വിനീത് ശരണ്‍ : അക്കാര്യത്തില്‍ ഞങ്ങള്‍ ഇടപെടില്ല

കിരണ്‍ സൂരി : കുട്ടിക്ക് നാല് വയസായി. സ്‌കൂളില്‍ ചേര്‍ക്കാറായി. ജാമ്യം അനുവദിച്ചാല്‍ മാത്രമേ വിവാഹം നടക്കു. രണ്ട് മാസത്തേക്ക് കോടതി ജാമ്യം അനുവദിക്കണം

ജസ്റ്റിസ് വിനീത് ശരണ്‍ : ജാമ്യത്തിന് ആയി കുറ്റവാളിയും ഹര്‍ജി നല്‍കിയിട്ടുണ്ടല്ലോ. ആരാണ് അദ്ദേഹത്തിന് വേണ്ടി ഹാജരാകുന്നത്.

ഡോ. അമിത് ജോര്‍ജ് : ഞാനാണ് ഹാജരാകുന്നത്. ഇരയെ വിവാഹം കഴിക്കുന്നതിന് ആണ് ജാമ്യം ചോദിക്കുന്നത്. കുട്ടിക്ക് നിയമപരമായ പിതൃത്വം ഉറപ്പാക്കാന്‍ ആണ് വിവാഹം.

ജസ്റ്റിസ് വിനീത് ശരണ്‍ : (അമിത് ജോര്‍ജിനോട് ) : നിങ്ങള്‍ക്ക് (കുറ്റവാളിക്ക്) എത്ര വയസ്? ഇരയ്ക്ക് എത്ര വയസ്?

അമിത് ജോര്‍ജ് : കുറ്റവാളിക്ക് 49. ഇരയ്ക്ക് 25 

ജസ്റ്റിസ് വിനീത് ശരണ്‍ : ഞങ്ങള്‍ ജാമ്യം അനുവദിക്കില്ല.

അമിത് ജോര്‍ജ് : ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ കാരണം വിവാഹം നടത്തുന്നതിന് ജയില്‍ സൂപ്രണ്ടിന് കത്ത് പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യം ആണ്.

ജസ്റ്റിസ് ദിനേശ് മഹേശ്വരി : എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ആകും ഹൈക്കോടതി പരാമര്‍ശങ്ങള്‍ നടത്തിയത്. ഞങ്ങള്‍ അതില്‍ ഇടപെടേണ്ട കാര്യമില്ല. 

അമിത് ജോര്‍ജ് : ജാമ്യാപേക്ഷയില്‍ വിവാഹം കഴിക്കാനുള്ള എന്റെ മൗലിക അവകാശം എങ്ങനെ ഹൈകോടതിക്ക് നിഷേധിക്കാന്‍ ആകും? 

ജസ്റ്റിസ് വിനീത് ശരണ്‍ : ഈ സാഹചര്യം നിങ്ങള്‍ സൃഷ്ടിച്ചത് ആണ്.

അമിത് ജോര്‍ജ് : ഹൈക്കോടതി പരാമര്‍ശങ്ങള്‍ വിവാഹത്തിന് തടസ്സം ആണ് 

ജസ്റ്റിസ് വിനീത് ശരണ്‍ : നിങ്ങള്‍ക്ക് ഹൈകോടതിയെ സമീപിക്കാം. ഞങ്ങള്‍ ജാമ്യം അനുവദിക്കില്ല.

ഡിജിപി ഹാജരായ കേസ് 

കൊട്ടിയൂര്‍ പീഡന കേസ് സുപ്രീം കോടതി പരിഗണയ്ക്ക് എടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹൈക്കോടതിയിലെ ഡിജിപി ടി എ ഷാജിയും സുപ്രീം കോടതിയിലെ വാദം വീക്ഷിക്കാന്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഷാജിയുടെ മൈക്ക് ഓണ്‍ ആക്കാന്‍ ആരും ആവശ്യപ്പെട്ട് കണ്ടില്ല. ഡിജിപി ഉണ്ടായിട്ടും കേസില്‍ സീനിയര്‍ അഭിഭാഷകന്‍ ഹരിന്‍ പി റാവലിനെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹാജരാക്കിയിരുന്നു.


Content highlights: Robin Vadakkumcherry case, as it happened in court