അപകടത്തിന് മുമ്പുള്ള സിസിടിവി ദൃശ്യം
തൃശ്ശൂര്‍: ഒരു വാഹനം നല്ല വേഗത്തില്‍ കടന്നു പോയതിന് പിന്നാലെ വേഗത്തില്‍ എത്തിയ രണ്ടാമത്തെ വാഹനം കാറിന്റെ മുന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് തൃശ്ശൂരില്‍ അപകടത്തില്‍പ്പെട്ട ടാക്‌സി കാറിന്റെ ഡ്രൈവര്‍. ഒന്നും കാണാന്‍ പറ്റാത്ത തീവ്രമായ വെളിച്ചമായിരുന്നു. വണ്ടി വരുന്നത് കണ്ടപ്പോള്‍ പെട്ടന്ന് ബ്രേക്ക് ചവിട്ടിയിരുന്നു. പക്ഷേ നേരെ വേഗത്തില്‍ വന്ന് ഇടിക്കുകയായിരുന്നു. വണ്ടി വെട്ടിപ്പൊളിച്ചാണ് താനുള്‍പ്പെടെയുള്ളവരെ പുറത്തെടുത്തതെന്നും കാര്‍ ഡ്രൈവര്‍ ഇരവിമംഗലം മൂര്‍ക്കാട്ടില്‍ രാജന്‍ പറഞ്ഞു.
പെട്ടന്നൊരു വലിയ ശബ്ദം കേട്ടുവെന്നും അടുത്ത സ്ഥലത്ത് എവിടെ എങ്കിലും ചെന്ന് ഇടിച്ചു എന്നാണ് കരുതിയതെന്നും അപകടത്തില്‍ മരിച്ച രവിശങ്കറിന്റെ ഭാര്യ മായ പറഞ്ഞു. മുന്നിലേക്ക് വീണപ്പോള്‍ ബ്രേക്കിട്ടപ്പോള്‍ വീണതാകും എന്നാണ് വിചാരിച്ചത്. പുറത്തിറങ്ങിയപ്പോള്‍, ശബ്ദം കേട്ട് ആളുകളെല്ലാം ഓടിക്കൂടിയിരുന്നു. പറന്നുവരികയായിരുന്നു ജീപ്പ് എന്നാണ് അവിടെയുള്ളവര്‍ പറഞ്ഞത് അവരവിടെ പിടിച്ചു നിര്‍ത്തിയിട്ടുണ്ടായിരുന്നു. മുന്നിലുള്ള ഭര്‍ത്താവിനെ തൊട്ടു വിളിച്ചിട്ട് മിണ്ടുന്നുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
ഇതിനിടെ മത്സരഓട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. ആദ്യം ബിഎംഡബ്ല്യു കാറും പിന്നാലെ ഥാറും അതിവേഗത്തില്‍ പാഞ്ഞുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിസിടിവി ക്യാമറകളുടെ സഹായത്തോടെ ബിഎംഡബ്ല്യു കാര്‍ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു.
മത്സരയോട്ടം നടത്തിയ ആഡംബര വാഹനങ്ങളിലൊന്ന് ടാക്‌സിക്കാറിലിടിച്ചാണ് ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിലെ ഒരാള്‍ മരിച്ചത്. പാടൂക്കാട് രമ്യ നിവാസില്‍ രവിശങ്കര്‍ (67) ആണ് മരിച്ചത്. കൊട്ടേക്കാട് സെന്ററില്‍ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. ഥാര്‍, ബി.എം.ഡബ്‌ള്യു. വാഹനങ്ങളാണ് മത്സരിച്ചോടിയതെന്ന് പോലീസ് പറഞ്ഞു.
എതിര്‍ദിശയില്‍ നിന്നുവന്ന ഥാര്‍ കാറില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ രവിശങ്കറെ ദയ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന രവിശങ്കറിന്റെ ഭാര്യ മായ (61), മകള്‍ വിദ്യ (35), പേരക്കുട്ടി നാലു വയസ്സുകാരി ഗായത്രി, കാര്‍ ഡ്രൈവര്‍ ഇരവിമംഗലം മൂര്‍ക്കാട്ടില്‍ രാജന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ വിദ്യയുടെയും മായയുടെയും പരിക്ക് ഗുരുതരമാണ്.
അപകടത്തിന് പിന്നാലെ ബി.എം.ഡബ്ള്യു കാര്‍ നിര്‍ത്താതെ പോയി. ഥാറില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ അപടകത്തിന് പിന്നാലെ ഓടി രക്ഷപെട്ടു. ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. തൃശ്ശൂര്‍ അയ്യന്തോള്‍ സ്വദേശി ഷെറിന്‍ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Road race in Thrissur involving a Thar and BMW, kills taxi driver
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..