കൊച്ചി: റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരേ പ്രതിഷേധം. കൊച്ചിയിൽ അടുത്തിടെ ടാർ ചെയ്ത റോഡ് കെ.എസ്.ഇ.ബി. കേബിൾ സ്ഥാപിക്കാനായി പൊളിക്കുന്നതിനെതിരേയാണ് പ്രതിഷേധം. ഹൈക്കോടതി ജംഗ്ഷനില്‍ നിന്ന് എറണാകുളം മാർക്കറ്റിലേക്കുളള റോഡാണ് പൊളിക്കുന്നത്.

നഗരസഭയുടെ അധികാര പരിധിയിലുളള റോഡാണ് ഇത്. റോഡ് ടാർ ചെയ്യുന്നതിന് മുമ്പായി നടത്തിയ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ഇ.ബിയുടെ കേബിളുകൾ വിച്ഛേദിക്കപ്പെട്ടു എന്നാണ് കെ.എസ്.ഇ.ബി. പറയുന്നത്. അത് പുനഃസ്ഥാപിച്ച ശേഷം മാത്രമേ ടാറിങ് നടപടികൾ ആരംഭിക്കാവൂ എന്ന ആവശ്യം കെ.എസ്.ഇ.ബി. മുന്നോട്ടുവെച്ചിരുന്നു. എന്നാൽ അത് പരിഗണിക്കാതെ റോഡ് ടാർ ചെയ്തു എന്നാണ് കെ.എസ്.ഇ.ബി. പറയുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ വീണ്ടും റോഡ് കുത്തിപ്പൊളിക്കുകയും മുറിഞ്ഞ് പോയ കേബിളുകൾ സ്ഥാപിക്കാൻ ആരംഭിക്കുകയും ചെയ്തത്‌.

എന്നാൽ പുതിയ കേബിളുകൾ സ്ഥാപിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

റോഡ് കുത്തിപ്പൊളിക്കുന്നത് ശ്രദ്ധയിൽ പെട്ട ചില സംഘടനകളും പ്രദേശത്തെ ചില വ്യക്തികളും ഇതിനെതിരേ രംഗത്ത് വരികയും നിർമാണ പ്രവർത്തനങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അപ്പോഴും നിലവിൽ റോഡ് വെട്ടിപ്പൊളിച്ചതിനെ തുടർന്നുണ്ടായ കുഴികള്‍ അതേപടി നിലനിൽക്കുകയാണ്. ഗുരുതരമായ വീഴ്ചയാണ് ഇരുഡിപ്പാർട്ടുമെന്റുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.