'തിരഞ്ഞുപിടിച്ച് ആക്രമിച്ചു,വിമര്‍ശനങ്ങളെ അധിക്ഷേപംകൊണ്ട് നേരിടുന്ന തന്ത്രം CPM അവസാനിപ്പിക്കില്ല'


By രാജി പുതുക്കുടി

5 min read
Read later
Print
Share

നിയമ സഭയില്‍ ഉണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ കെകെ രമ എംഎല്‍എ പറഞ്ഞ് തുടങ്ങുന്നത് ഇങ്ങനെയാണ്. സഭയില്‍ നേരിട്ട അക്രമത്തെക്കുറിച്ചും സിപിഎം നടത്തിയ പ്രചാരണങ്ങളെ കുറിച്ചും ആര്‍എംപി നേതാവും എംഎല്‍എയുമായ കെ.കെ.രമ സംസാരിക്കുന്നു.

കെ.കെ.രമ എംഎൽഎ |ഫോട്ടോ:മാതൃഭൂമി

''2012 മെയ് നാലിന് ശേഷം ഞാന്‍ എടുത്ത രാഷട്രീയ നിലപാടിന്റെ ഭാഗമായിട്ട് വലിയ തോതിലുളള അക്രമണങ്ങളിലേക്കാണ് സിപിഎം നീങ്ങിയത്. സൈബര്‍ ഇടങ്ങളിലൂടെയും പത്രങ്ങളിലൂടേയും പ്രസംഗങ്ങളിലൂടെയും എല്ലാം അവര്‍ എനിക്കെതിരെ അക്രണങ്ങള്‍ അഴിച്ചുവിട്ടു. ഓരോ തവണ നിലപാട് കടുപ്പിക്കുമ്പോഴും അവര്‍ക്കെതിരെ ശക്തമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴും അപമാനിച്ചും അവഹേളിച്ചും കൊണ്ടാണവര്‍ മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പ് പോലുള്ള ഘട്ടങ്ങളിലും അവര്‍ക്ക് പ്രതിസന്ധിയാവും എന്ന് തോന്നുമ്പോഴും എല്ലാം ഈ ഒരു അടവാണ് അവര്‍ ഉപയോഗിക്കുന്നത്. 2016 തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തൊക്കെ നടന്ന സംഭവങ്ങള്‍ ഒരു മനുഷ്യന് ഉള്‍ക്കൊള്ളാന്‍ പറ്റാവുന്നതിന്റെ അങ്ങേയറ്റം അപമാനിക്കലാണ്. വോയ്‌സ് എഡിറ്റ് ചെയ്ത് മുഴുനീളെ പ്രചരിപ്പിക്കാനുള്ള കൂര്‍മ ബുദ്ധി വരെ അവര്‍ കാണിച്ചു. അത് ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ നിര്‍ബാധം തുടരുകയാണ്. അതാണ് നിയമ സഭയിലും സംഭവിച്ചത്''

നിയമ സഭയില്‍ ഉണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ കെകെ രമ എംഎല്‍എ പറഞ്ഞ് തുടങ്ങുന്നത് ഇങ്ങനെയാണ്. സഭയില്‍ നേരിട്ട അക്രമത്തെക്കുറിച്ചും സിപിഎം നടത്തിയ പ്രചാരണങ്ങളെ കുറിച്ചും ആര്‍എംപി നേതാവും എംഎല്‍എയുമായ കെ.കെ.രമ സംസാരിക്കുന്നു.

എന്നെമാത്രം തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു

പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയുളള ഒരു നീക്കം എന്നതിനൊപ്പം എനിക്കെതിരെയും എന്റെ പാര്‍ട്ടിക്ക് എതിരെയുമുള്ള ഒരു വലിയ നീക്കം കൂടിയാണ് സഭയില്‍ ഉണ്ടായത്. നിയമ സഭയില്‍ ഉണ്ടായ ആ പ്രശ്‌നം തുടക്കത്തില്‍ സഭയില്‍ ഉണ്ടാവുന്ന ഒരു സ്വാഭാവിക പ്രശ്‌നം പോലെയാണ് തോന്നിയത്. അതിന്റെ അവസാന ഘട്ടത്തില്‍ എത്തിയപ്പോളാണ് അത് എന്നെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുന്ന ഒരു സാഹചര്യമാണെന്ന് ബോധ്യമായത്. കുറേ പേര്‍ ചുറ്റും നില്‍ക്കുന്നു എന്നെ പിടിച്ച് വലിക്കുന്നു, പിടിച്ച് വലിച്ച് കൊണ്ടുപോകുന്നു വലിച്ച് പൊക്കുന്നു, ഇതൊക്കെ നടക്കുമ്പോള്‍ നിയമസഭയില്‍ പോലീസ് സ്വീകരിച്ച അത്തരമൊരു നടപടി എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു. പുറത്ത് സമരങ്ങള്‍ നടത്തുമ്പോള്‍ പോലീസ് എത്തുന്നതും അറസ്റ്റ് ചെയ്ത് നീക്കുന്നതുമൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ നിയമസഭയ്ക്കുള്ളില്‍ എംഎല്‍എമാരെ അറസ്റ്റ് ചെയ്ത് നീക്കേണ്ട ഒരു പ്രശ്‌നവും അവിടെ ഉദിക്കുന്നില്ല.

അതിന്റെ ദൃശ്യങ്ങള്‍ പിന്നീട് പരിശോധിച്ചപ്പോഴാണ് ആ ഒരു ഭീകരത എനിക്ക് കുറച്ച് കൂടി മനസ്സിലാവുന്നത്. പല ആളുകളുടേയും പിഎമാര്‍ ഉള്‍പ്പടെയുള്ളവര്‍ അവിടെ ഉണ്ടായിരുന്നു അവര്‍ വന്ന് വിടൂ എന്ന് പറയുമ്പോള്‍ ഒക്കെ വാച്ച് ആന്‍ഡ് വാര്‍ഡ് തന്നെ പറഞ്ഞത്രേ ഞങ്ങളോട് പറഞ്ഞിട്ടാണ് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് എന്ന്. ഇക്കാര്യം എന്നോട് പറഞ്ഞവരുണ്ട്. ഉമാതോമസ് എനിക്കൊപ്പം അവിടെ ഉണ്ടായിരുന്നു എന്തുകൊണ്ട് എനിക്കെതിരെ മാത്രം ഇത്രയും ആളുകള്‍ വന്ന ഒരു സാഹചര്യവും പിടിച്ചുവലിക്കുന്ന സാഹചര്യവും ഉണ്ടാവുന്നു എന്നുള്ളതാണ് ഇവിടെ ഉയരുന്ന ചോദ്യം. എന്തോ ഒരു ആലോചന നേരത്തെ നടന്നിട്ടുണ്ട്. ഒരു നിര്‍ദേശം കൊടുത്തു വളരെ ആസൂത്രിതമായി തന്നെ എല്ലാം ചെയ്തു. അതിന് ശേഷം സിപിഎം ഉയര്‍ത്തിയ പ്രശ്‌നങ്ങളിലൂടേയും ഇത് നമ്മള്‍ക്ക് മനസ്സിലാക്കാവുന്നതാണ്.

പാര്‍ട്ടി സെക്രട്ടറിയ്ക്ക് പോലും പിന്നോട്ട് പോവേണ്ടി വന്നു

സഭയില്‍ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് എന്തെല്ലാം കള്ളത്തരങ്ങള്‍ സിപിഎം പ്രചരിപ്പിച്ചു. എല്ലാ വാദങ്ങളും എല്ലാ കള്ളത്തരങ്ങളും പൊളിഞ്ഞ് അടങ്ങി. പ്രചാരണം നടത്തിയവര്‍ പിറകോട്ട് പോകേണ്ട സാഹചര്യമാണ് പിന്നീട് ഉണ്ടായത്. എന്റെ കൈക്ക് പൊട്ടല്‍ ഇല്ല, പ്രശ്‌നങ്ങള്‍ ഇല്ല, ഷാഫി പറമ്പില്‍ വെറുതേ പോയി പ്ലാസ്റ്റര്‍ ഇടുന്നു, കൈമാറി ഇടത് കൈ വലത് കൈ ആയി, ആദ്യം പ്ലാസ്റ്റര്‍ ഇട്ടു, അത് കഴിഞ്ഞ് പത്ത് മിനിറ്റില്‍ പ്ലാസ്റ്റര്‍ വെട്ടി സ്ലിങ് ഇട്ടു ഇങ്ങനെ വളരെ മോശം പ്രചരണങ്ങളൊക്കെ ആദ്യ ദിവസം നടത്തി. ഒരു വസ്തുതയുടേയും അടുത്ത് പോലും നില്‍ക്കാത്ത പ്രചാരണങ്ങളാണ് അന്ന് ഉണ്ടായിരുന്നത്. അതിന്റെ പിറ്റേ ദിവസമാണ് എക്‌സറേയുടെ പ്രചരണം നടക്കുന്നത്. അത് എന്റേത് അല്ല എന്ന് എനിക്ക് വളരെ വ്യക്തമായി അറിയാവുന്നതാണ്.

എന്റെ എക്‌സറേയും അവര്‍ പ്രചരിപ്പിച്ചതും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. പക്ഷെ അത് ആധികാരികമായിട്ട് ഞാന്‍ തെളിയിക്കേണ്ട ആവശ്യമില്ല എന്നതുകൊണ്ടാണ് അത് എവിടേയും തെളിയിക്കാന്‍ ശ്രമിക്കാത്തത്. അത് തെളിയിക്കേണ്ട ഉത്തരവാദിത്വം ഡോക്ടര്‍ക്കും ഹോസ്പിറ്റലിനുമാണ്, സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ അവരറിയാതെ പുറത്തേക്ക് പോവുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ഇത്തരം ചികിത്സാ രേഖകള്‍ കോടതിയിലോ പോലീസിനോ കൊടുക്കാം. പക്ഷെ അത് ഏത് സാഹചര്യത്തില്‍ കൈമാറാം എന്നത് വളരെ വ്യക്തമായിട്ട് നിയമം പറയുന്നുണ്ട്. പുറത്ത് വിട്ട എക്‌സറേ അവരുടെ വാദം സ്ഥാപിച്ച് എടുക്കാന്‍ ഉള്ള ഒരു പൊടിക്കൈ ആയിരുന്നു. ഒരു വോയ്‌സ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരു എക്‌സറേ ഉണ്ടാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല.

പാര്‍ട്ടി പത്രത്തില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതി നിരത്തിയിരുന്നു ആശുപത്രി രേഖകള്‍ പുറത്ത്, പരിക്കില്ല എന്നൊക്കെ. അത് തന്നെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയും ഏറ്റുപിടിച്ചു. എങ്ങനെയാണ് ഒരു സംസ്ഥാന സെക്രട്ടറി ആധികാരികമായ രേഖകള്‍ ഇല്ലാതെ സംസാരിക്കുക എങ്ങനെയാണ്പാര്‍ട്ടി പത്രം പറയുന്നത് അതുപോലെ വിഴുങ്ങുക ഒടുവില്‍ പാര്‍ട്ടി സെക്രട്ടറിയ്ക്ക് പോലും പിന്നോട്ട് പോവേണ്ടി വന്നില്ലേ. ഈ പാര്‍ട്ടി ഇതൊക്കെയാണെന്ന് ആളുകള്‍ക്ക് ബോധ്യപ്പെടട്ടേ. എല്ലാ വിഷയങ്ങളേയും വെടക്കാക്കി തനിക്കാക്കാനുള്ള എല്ലാ ശ്രമങ്ങളും സിപിഎം നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്, അവര്‍ക്കെതിരെ ആര് പറയുന്നുവോ അവര്‍ക്കൊക്കെ ഇതാണ് അവസ്ഥ. രാഹുല്‍ മാങ്കൂട്ടം ഉള്‍പ്പടെയുള്ളവര്‍ ഇതിന്റെ ഇരകളാണ്. എതിര്‍ത്ത് സംസാരിക്കുന്ന എത്രയോ മാധ്യമ പ്രവര്‍ത്തകരെ നിര്‍വീര്യമാക്കാനുളള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതാണ് ഈ പാര്‍ട്ടിയുടേയും എക്കാലത്തേയും തന്ത്രം, വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വിമര്‍ശനങ്ങളെ അധിക്ഷേപം ഉപയോഗിച്ച് കൊണ്ട് അവസാനിപ്പിക്കാന്‍ ഉള്ള കുടില തന്ത്രങ്ങളാണ് എന്നും പാര്‍ട്ടി സ്വീകരിക്കുന്നത്. ഈ രീതി ഈ പാര്‍ട്ടി ഒരു കാലത്തും അവസാനിപ്പിക്കില്ല.

മുഖ്യമന്ത്രിയ്ക്ക് ഒരു നിയമം പൊതുജനങ്ങള്‍ക്ക് മറ്റൊരു നിയമം

നമ്മുടെ സംസ്ഥാനത്ത് ഉള്ള നിയമങ്ങള്‍ പോലും സാധരണക്കാര്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നില്ല. ഒരു പരാതി കൊടുത്താല്‍ പ്രാഥമിക അന്വേഷണമെങ്കിലും നടത്തേണ്ടതാണ് അതുപോലും ഉണ്ടാവുന്നില്ല. കുറഞ്ഞ പക്ഷം അതെങ്കിലും ചെയ്താല്‍ അല്ലേ ഇത്തരം നിയമങ്ങളുടെ പ്രയോജനം പരാതിക്കാര്‍ക്ക് ലഭിക്കുക. പോലീസ് എല്ലാവരുടേയും കാര്യത്തില്‍ അങ്ങനെയാണോ എന്ന് ചോദിച്ചാല്‍ അല്ല. കേസെടുക്കുന്നതിലുമുണ്ട് രണ്ട് പക്ഷം. മുഖ്യമന്ത്രിയ്ക്ക് എതിരേ ഒരു പോസ്റ്റ് ഇട്ടാല്‍ അതില്‍ നിയമ നടപടികള്‍ സ്വീകരിക്കപ്പെടുന്നുണ്ട്, അതാണ് പക്ഷപാതം. അവസരത്തിന് അനുസരിച്ച് എല്ലാം അവര്‍ക്ക് ഉണ്ടാക്കാമെന്നതാണ് ഇവിടെയുള്ള രീതി, മുഖ്യമന്ത്രിയാണ് പ്രശ്‌നം നേരിടുന്നതെങ്കില്‍ അനുകൂലമായ തെളിവുകള്‍ ആവശ്യത്തിന്ഉണ്ടാവുകയും, എതിരാവുന്ന തെളിവുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്യും.

എത്ര കാര്യങ്ങള്‍ ഇതിന് ഉദാഹരണങ്ങളായി നമുക്ക് മുമ്പില്‍ ഉണ്ട്, മുഖ്യമന്ത്രിക്ക് എതിരായ പോസ്റ്റിന് ലൈക്ക് അടിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ വരെ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നിയമം നോക്കുകുത്തിയാവും എന്നതാണ് യാഥാര്‍ത്യം. അതുകൊണ്ടാണ് ഇതിനെതിരെ ശക്തമായി പറയേണ്ടി വരുന്നതും മുന്നോട്ട് പോവേണ്ടി വരുന്നതും. സൈബര്‍ കേസ് എടുത്തില്ലെങ്കില്‍ മറ്റ് നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് എന്റെ തീരുമാനം. വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറല്ല കാരണം ഈ പ്രവണതയ്ക്ക് ഒരു അവസാനം വേണം. നമ്മുടെ നാട്ടില്‍ എത്ര സ്ത്രീകളാണ് പ്രതികരിക്കുന്നതിന്റെ പേരില്‍ സൈബര്‍ ആക്രമങ്ങള്‍ നേരിടുന്നത്. ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഒരു വ്യക്തിക്കെതിരേയും ഉണ്ടാവരുത്. അങ്ങനെ വ്യക്തി അധിക്ഷേപം നടത്തുന്നതിനെ ഞാന്‍ ഒരിക്കലും അംഗീകരിക്കുന്നില്ല അത് എല്ലാ ഭാഗത്ത് നിന്നും അവസാനിക്കണം.

ഈ പാര്‍ട്ടിയെ ഇനി ജനങ്ങള്‍ അധികാരത്തിലേറ്റില്ല

നിയമസഭയില്‍ അടിയന്തര പ്രമേയങ്ങള്‍ കൊണ്ടുവരുന്ന സമയത്ത് പോലും ഒന്നും പറയാത്ത ഒരു മുഖ്യമന്ത്രി, ഒരു വിഷയത്തിലും പ്രതികരിക്കാത്ത റേഡിയോ പോലെ ഇങ്ങനെ കേട്ടിരിക്കേണ്ടി വരുന്ന ഒരു മുഖ്യമന്ത്രിയാണ് നമ്മളുടേത്. ആളുകള്‍ക്ക് ഈ ഭരണം മടുത്തു എന്നതില്‍ ഒരു സംശയവും ഇല്ല. ഇനി ഒരു കാലത്തും ഈ സര്‍ക്കാരിനെ പിന്തുണയ്ക്കാനോ അധികാരത്തിലേറ്റാനോ ജനങ്ങള്‍ തയ്യാറാവുകയും ഇല്ല. എന്തൊരു ഭരണമാണ് ഇവിടെ നടക്കുന്നത്. അധികാരം, ധാര്‍ഷ്ട്യം, ധിക്കാരം ഇത് കാണാനാണോ ജനങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. എല്ലാത്തിലും ധാര്‍ഷ്ട്യമാണ്, ആളുകളുടെ ഏതെങ്കിലും അഭിപ്രായങ്ങള്‍ പരിഗണിച്ചിട്ടുണ്ടോ, ജനങ്ങളുടെ ഏതെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പറ്റിയിട്ടുണ്ടോ ആളുകള്‍ പൂര്‍ണമായും അതിശക്തമായ വികാരം ഈ ഭരണത്തിന് എതിരായി മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്, പാര്‍ട്ടിക്ക് അകത്ത് പോലും പലതരം പ്രശ്‌നങ്ങള്‍ ഉണ്ട്, കുറച്ച് ഒരു ചെറിയ വിഭാഗം ഇതിനൊപ്പം നില്‍ക്കുന്നു എന്നല്ലാതെ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇങ്ങനെ പോകുന്നതിലുളള വലിയ അമര്‍ഷം പാര്‍ട്ടിക്ക് അകത്ത് പോലും നിലനില്‍ക്കുന്നുണ്ട്.

Content Highlights: rmp leader and mla kk rama-kerala assembly conflict-interview

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sabu m jacob arikomban

1 min

തമിഴ്‌നാടിന് ആത്മബന്ധമില്ല, നടന്നതെല്ലാം പ്രഹസനം, അരിക്കൊമ്പന്റെ ജീവന്‍ അപകടത്തില്‍ - സാബു

May 30, 2023


thodupuzha thunder storm

1 min

തൊടുപുഴയില്‍ ഇടിമിന്നലേറ്റ് 11 പേര്‍ക്ക് പരിക്ക്; അപകടം പാറമടയിലെ ഷെഡില്‍ വിശ്രമിക്കുന്നതിനിടെ

May 31, 2023


arrest

1 min

കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക് ഇന്‍സ്‌പെക്ടര്‍ പിടിയില്‍; അറസ്റ്റ് പണം വാങ്ങി പേഴ്‌സില്‍വെക്കവേ

May 31, 2023

Most Commented