ആർ.കെ. കൃഷ്ണകുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം,ൻ ടാറ്റയും ആർ.കെ. കൃഷ്ണകുമാറും (ഫയൽചിത്രം)
മുംബൈ: ഇന്ത്യയിലെ മാനേജ്മെന്റ് വിദഗ്ധരില്‍ പ്രമുഖനാണ് ഞായറാഴ്ച അന്തരിച്ച ടാറ്റ സണ്‍സ് മുന്‍ഡയറക്ടര്‍ ആര്.കെ. കൃഷ്ണകുമാര്‍. നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്കു കുതിക്കുകയായിരുന്ന കണ്ണന് ദേവന് കമ്പനിയെ ജെയിംസ് ഫിന്‍ലേയില്‍നിന്ന് വിലയ്ക്കുവാങ്ങി ലാഭകരമാക്കിയതും എട്ടോളം രാജ്യങ്ങളില്‍ പരന്നുകിടന്ന ടെറ്റ്ലി എന്ന തേയിലക്കമ്പനിയെ ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാക്കിയതും അദ്ദേഹത്തിന്റെ വൈദഗ്ധ്യം വ്യക്തമാക്കുന്നു.
തേയിലയ്ക്ക് വില വളരെ കുറഞ്ഞ സമയമാണത്. ജെയിംസ് ഫിന്‍ലേയുടെ ഉടമസ്ഥതയില്‍ കണ്ണന്‍ദേവന്‍ നഷ്ടത്തിലേക്കു പതിച്ചു. ഇതിനെ ഏറ്റെടുത്ത് ലാഭത്തിലാക്കാന്‍ ടാറ്റ നടപടി തുടങ്ങി. പ്രശ്നം പരിഹരിക്കാന്‍ ടാറ്റയിലെ വിദഗ്ധര്‍ തലപുകഞ്ഞു.
തോട്ടത്തില്‍വെച്ചുതന്നെ തേയില പായ്ക്കു ചെയ്യുകയെന്ന ആശയം മുന്നോട്ടുവന്നു. അങ്ങനെ ബ്രിട്ടീഷുകാര്‍ പരാജയപ്പെട്ടിടത്ത് ഇന്ത്യന്‍ കമ്പനി വിജയിച്ചു. ഇതിനുള്ള ആശയവും ഊര്‍ജവും പകര്‍ന്നത് കൃഷ്ണകുമാറായിരുന്നു. പുതുമ നഷ്ടപ്പെടാതെ തേയില ഉപഭോക്താക്കളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. അതുവരെ ഒരു തേയിലക്കമ്പനിയും പരീക്ഷിക്കാത്ത പദ്ധതി.
സാധാരണ ലേലത്തില്‍ പോകുന്ന തേയില അഞ്ചും ആറും മാസം കഴിഞ്ഞാണ് ഉപഭോക്താവിന്റെ കൈയിലെത്തിയിരുന്നത്.
കൃഷ്ണകുമാര്‍ ആവിഷ്കരിച്ച പുതിയ ആശയത്തിലൂടെ കണ്ണന്‍ദേവന്‍ തേയില 15 ദിവസത്തിനകം ഉപഭോക്താക്കള്‍ക്ക് കിട്ടിത്തുടങ്ങി. ഈ നൂതന വിപണനതന്ത്രം നഷ്ടത്തിലായിരുന്ന കമ്പനിയെ ലാഭത്തിലെത്തിച്ചു. വിപ്ലവാത്മകമായ പരീക്ഷണം രണ്ടുവര്‍ഷം കൊണ്ട് കണ്ണന്‍ദേവന്‍ കമ്പനിയെ കേരളത്തിലെ തേയില വിപണിയില്‍ ഒന്നാം സ്ഥാനത്തെത്തിച്ചു.
കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ടാറ്റ ടീ ബ്രിട്ടീഷ് കമ്പനിയായ ടെറ്റ്ലിയെ അന്ന് 1870 കോടിയിലേറെ രൂപയ്ക്ക് ഏറ്റെടുത്തത്. അന്ന് ഒരു ഇന്ത്യന്‍ കമ്പനിയുടെ ഏറ്റവും വലിയ വിദേശ ഏറ്റെടുക്കലായിരുന്നു ഇത്.
രത്തന്‍ ടാറ്റയുടെ മനസ്സറിഞ്ഞ കെ.കെ.
'രത്തന്‍ ടാറ്റയുടെ വലംകൈ' എന്നായിരുന്നു ടാറ്റ സണ്‍സിന്റെ ഡയറക്ടറായിരുന്ന, തലശ്ശേരിക്കാരന് ആര്.കെ. കൃഷ്ണകുമാറിനെ ദേശീയ ബിസിനസ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. രത്തന്‍ ടാറ്റയുടെ സ്വന്തം കെ.കെ. (കൃഷ്ണകുമാര്‍). കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ക്കിടയില്‍, രത്തന്‍ ടാറ്റ കഴിഞ്ഞാല്‍ ടാറ്റാഗ്രൂപ്പിലെ ഏറ്റവും ശക്തനായിരുന്നു ഞായറാഴ്ച മുംബൈയില്‍ അന്തരിച്ച കൃഷ്ണകുമാര്‍. രത്തന്‍ ടാറ്റയുടെ മനസ്സറിഞ്ഞ സഹപ്രവര്ത്തകന്.
തലശ്ശേരിയില്‍നിന്നുള്ള യാത്ര
മാഹി സ്വദേശി ആര്.കെ. സുകുമാരന്റെയും തലശ്ശേരി മൂര്‍ക്കോത്ത് സരോജിനിയുടെയും മകനായി തമിഴ്നാട്ടിലെ പോത്തന്നൂരിലാണ് കൃഷ്ണകുമാര്‍ ജനിച്ചത്. െഎ.പി.എസുകാരനായിരുന്ന അച്ഛന് ചെന്നൈ കമ്മിഷണറായായിരുന്നു. ചെന്നൈ ലയോള കോളേജില്‍നിന്ന് ബി.എ. പാസായി. പ്രസിഡന്‍സി കോളേജില്‍നിന്ന് എം.എ. ഇക്കണോമിക്സ് പാസായത് മികച്ച വിദ്യാര്‍ഥിക്കുള്ള പുരസ്കാരത്തോടെ. ഇതോടെ, കോളേജ് പ്രിന്‍സിപ്പലിന്റെ താത്പര്യപ്രകാരമാണ് കൃഷ്ണകുമാറിനെ ടാറ്റ നേരിട്ട് ജോലിക്കെടുത്തത്. 1963-ല്‍ ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലായിരുന്നു തുടക്കം. 25-ാം വയസ്സില്‍ ടാറ്റയില്‍ ചേര്‍ന്ന അദ്ദേഹം 50 വര്‍ഷത്തിനുശേഷം 75-ാം വയസ്സിലാണ് വിരമിച്ചത്. 1982-ല്‍ ടാറ്റ ടീയുടെ (ഇപ്പോള്‍ ടാറ്റ ഗ്ലോബല്‍ ബിവറേജസ്) സീനിയര്‍ മാനേജ്മെന്റ് ടീമില്‍ എത്തിയതോടെ രത്തന്‍ ടാറ്റയുമായി അടുത്തു. രത്തന്‍ ടാറ്റയുടെ നിക്ഷേപകസ്ഥാപനമായ ആര്.എന്‍.ടി. അസോസിയേറ്റ്സിലും ഗ്രൂപ്പിന്റെ ട്രസ്റ്റുകളിലും സജീവമായിരുന്നു.
സൗമ്യതയും അച്ചടക്കവും കാത്തുസൂക്ഷിക്കുന്ന കോര്‍പ്പറേറ്റ് നേതാവായി വളര്‍ന്ന കൃഷ്ണകുമാര്‍ പ്രതിസന്ധികളില്‍ ടാറ്റാഗ്രൂപ്പിന്റെ ശക്തിയായി.
താജ്ഹോട്ടല്‍ ശൃംഖലകളുടെ കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റ ടീ എന്നിവയ്ക്ക് നേതൃത്വം നല്കിയ അദ്ദേഹം ടാറ്റാഗ്രൂപ്പിനുവേണ്ടി ഒട്ടേറെ ഏറ്റെടുക്കലുകള്‍ക്ക് ചുക്കാന്‍പിടിച്ചു. മൂന്നാറില്‍ തേയിലത്തോട്ടങ്ങളുടെ വികസനവും അവിടത്തെ തൊഴിലാളികളുടെ ക്ഷേമത്തിനും മുന്‍കൈയെടുത്തു. കെ.കെ. വ്യക്തിഗത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണെന്ന് രത്തന്‍ ടാറ്റതന്നെ പറഞ്ഞിട്ടുണ്ട്.
ക്രൈസിസ് മാനേജര്‍
1997-ല്‍ അസമില്‍ ഉള്‍ഫാ തീവ്രവാദികള്‍ ടാറ്റ ടീ ജീവനക്കാരെ തടവിലാക്കിയപ്പോഴും 2008-ല്‍ മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദികള്‍ താജ്മഹല്‍ ഹോട്ടലില്‍ ആക്രമണം നടത്തിയപ്പോഴും പ്രശ്നപരിഹാരത്തിന് നേതൃത്വം നല്‍കിയത് കൃഷ്ണകുമാറായിരുന്നു.
ഉള്‍ഫ തീവ്രവാദികള്‍ ടാറ്റ ടീയിലെ തൊഴിലാളികളെ ബന്ദികളാക്കിയപ്പോള്‍ ഭീഷണിക്കുവഴങ്ങാതെ ഇന്റലിജന്‍സിന്റെ സഹായത്തോടെ തൊഴിലാളികളെ മോചിപ്പിക്കാന്‍ നേതൃത്വം നല്കി. തുടര്‍ന്ന് തൊഴിലാളികള്‍ക്കും ഈ പ്രദേശത്തെ പാവപ്പെട്ടവര്‍ക്കും വൈദ്യസഹായം ഉള്‍പ്പെടെ ഒട്ടേറെ സഹായങ്ങള്‍ ചെയ്തതോടെ തീവ്രവാദികളുടെ നിലപാട് മാറി. താജ്മഹല്‍ ഹോട്ടലില്‍ ഭീകരാക്രമണം നടന്നപ്പോള്‍ അതിഥികളെയും ജീവനക്കാരെയും രക്ഷിക്കാനുള്ള ദൗത്യത്തിന് നേതൃത്വം നല്കിയതും കെ.കെ. ആയിരുന്നു. അതോടെ, 'ക്രൈസിസ് മാനേജര്‍' വിശേഷണവും നേടി.
Content Highlights: RK Krishnakumar, a Tata veteran-kannan devan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..