പി.എ. മുഹമ്മദ് റിയാസ്, ജി. സുധാകരൻ | ഫോട്ടോ: ഷഹീർ സി.എച്ച്, അരുൺ കൃഷ്ണൻകുട്ടി
തിരുവനന്തപുരം: റോഡ് നിര്‍മാണക്കരാറിലെ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടിയത് സി.എ.ജി. റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെത്തുടര്‍ന്ന്. പൊതുമരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയിലൂടെ കോടികളുടെ അധികപണം സര്‍ക്കാരിന് നല്‍കേണ്ടിവരുന്നുവെന്നാണ് സി.എ.ജി.യുടെ കണ്ടെത്തല്‍. റോഡുനിര്‍മാണത്തിനുള്ള ബിറ്റുമിന്‍ വാങ്ങിയതിന് ഓരോ ബില്ല് ഹാജരാക്കി അഞ്ചുതവണവരെ കരാറുകാര്‍ പണം വാങ്ങിയിട്ടുണ്ടെന്നും സി.എ.ജി. ചൂണ്ടിക്കാട്ടുന്നു.
വകുപ്പിനുകീഴിലെ നിര്‍മാണങ്ങള്‍ക്ക് ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍നിന്ന് ബിറ്റുമിന്‍ വാങ്ങണമെന്നാണ് ചീഫ് എന്‍ജിനിയറുടെ നിര്‍ദേശം. ഈ വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്താറുണ്ട്. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനിയറാണ് ബി.പി.സി.എല്ലിന് ഓര്‍ഡര്‍ നല്‍കുക. ഇതനുസരിച്ച് പണം നല്‍കി കരാറുകാരന് ബിറ്റുമിന്‍ വാങ്ങാം. എക്‌സിക്യുട്ടീവ് എന്‍ജിനിയറുടെ പേരിലാണ് ഇന്‍വോയിസ് ബി.പി.സി.എല്‍. നല്‍കുക.
കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് കരാറുകാരന് പണം നല്‍കുമ്പോള്‍ 'ഒറിജിനല്‍ ഇന്‍വോയിസ്' ഹാജരാക്കണമെന്നാണ് വ്യവസ്ഥ. ഈ ഭാഗം പൊതുമരാമത്ത് നല്‍കുന്ന പലറോഡുകളുടെയും കരാറില്‍ ഉള്‍പ്പെടുത്താറില്ലെന്നാണ് സി.എ.ജി. കണ്ടെത്തല്‍. ഇത് ഒത്തുകളിയുടെ ഭാഗമാണെന്ന് വെട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടി സി.എ.ജി. നിരീക്ഷിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഏഴ് റോഡ് ഡിവിഷനുകള്‍ക്ക് കീഴില്‍ നടന്ന 1762 കോടിരൂപയുടെ 442 പണികളാണ് സി.എ.ജി. പരിശോധിച്ചത്. ഇതില്‍ കണ്ണൂര്‍ ഡിവിഷനിലെ ഒരുകരാറുകാരന്‍ ബിറ്റുമിന്‍ വാങ്ങിയവകയില്‍ 31 ഇന്‍വോയിസുകളാണ് നല്‍കിയത്. ഇതേ കരാറുകാരന്‍ വയനാട് ഡിവിഷനില്‍ ഏറ്റെടുത്ത കരാറിന്, കണ്ണൂരില്‍ നല്‍കിയ നാല് ഇന്‍വോയിസുകളുടെ പകര്‍പ്പും ഹാജരാക്കി. ഇതിലൂടെ 18.43 ലക്ഷം രൂപ അധികമായി നേടിയതായി സി.എ.ജി. റിപ്പോര്‍ട്ടിലുണ്ട്. കരാറുകാരന്‍ അധികപണം കൈപ്പറ്റിയതിന് പുറമേ ബിറ്റുമിനില്‍ 59.79 മെട്രിക് ടണ്‍ കുറച്ച് ഉപയോഗിച്ചെന്നതും ഗൗരവമുള്ളതാണെന്ന് സി.എ.ജി. ചൂണ്ടിക്കാട്ടുന്നു. മൂന്നുറോഡുകളുടെ നിര്‍മാണത്തില്‍ അഞ്ചുതവണവരെ ഒരേ ഇന്‍വോയിസ് ഉപയോഗിച്ച് 12.22 ലക്ഷം തട്ടിയെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉദ്യോഗസ്ഥ-കരാറുകാര്‍ ബന്ധത്തില്‍ തട്ടിയെടുക്കുന്ന കോടികളെക്കുറിച്ച് ബോധ്യമായതോടെയാണ് മുഹമ്മദ് റിയാസ് ഇക്കാര്യത്തില്‍ നിലപാട് കടുപ്പിച്ചത്. കരാറുകാര്‍ക്ക് പണം നല്‍കാന്‍ ബിറ്റുമിന്‍ വാങ്ങിയതിന്റെ യഥാര്‍ഥ ഇന്‍വോയിസ് നിര്‍ബന്ധമാക്കിയതായി പൊതുമരാമത്ത് വകുപ്പ് സി.എ.ജി.യെ അറിയിച്ചിട്ടുണ്ട്. ഇതിനു പുറമേ ബിറ്റുമിന്‍ പൊതുമരാമത്തിന്റെ മറ്റൊരുഡിവിഷനിലേക്ക് കൊണ്ടുപോകാന്‍ കരാറുകാര്‍ക്ക് ചീഫ് എന്‍ജിനിയറുടെ അനുമതിപത്രവും വേണം. ബിറ്റുമിന്‍ വാങ്ങിയതിന് സര്‍ക്കാരില്‍നിന്ന് പണം ഈടാക്കിയിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. ഈ രണ്ടുനടപടികളും വകുപ്പുതലത്തില്‍ സ്വീകരിച്ചതിന് പുറമേയാണ് ജനപ്രതിനിധികളും ഇക്കാര്യത്തില്‍ ജാഗ്രതപാലിക്കണമെന്ന ആവശ്യം റിയാസ് മുന്നോട്ടുവെച്ചത്.
മുഹമ്മദ് റിയാസിനെ പിന്തുണച്ച് ജി. സുധാകരന്‍
ആലപ്പുഴ: എം.എല്‍.എ.മാര്‍ കരാറുകാരുമായി മന്ത്രിയെക്കാണാന്‍ പോകേണ്ടകാര്യമില്ലെന്നു മുന്‍ പൊതുമരാമത്തുമന്ത്രി ജി. സുധാകരന്‍. ഇക്കാര്യത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞതില്‍ ഒരുതെറ്റുമില്ല. മുന്‍സര്‍ക്കാറിന്റെ കാലത്തും ഇതേ നിലപാടായിരുന്നു. ഇടതുപക്ഷ സമീപനമാണത്- അദ്ദേഹം 'മാതൃഭൂമി'യോടു പറഞ്ഞു.
എം.എല്‍.എ. മാര്‍ക്കും കരാറുകാര്‍ക്കും മന്ത്രിയെ കാണാം. പക്ഷേ, അവര്‍ ഒരുമിച്ചുവരുന്നതു ശരിയല്ല. നിയമമനുസരിച്ച് കരാറുകാരന്റേത് ഉന്നതമായ പദവിയാണ്. അവരതു മനസിലാക്കുകയാണു വേണ്ടത്. സര്‍ക്കാരുമായാണ് അവര്‍ കരാര്‍ വെക്കുന്നത്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പി.ഡബ്ല്യൂ.ഡി. മാന്വലനുസരിച്ച് സര്‍ക്കാരിനു പിഴയീടാക്കാന്‍ കഴിയും. ആലപ്പുഴയില്‍ വിവിധ പാലങ്ങളുടെ പണിയില്‍ വീഴ്ചവരുത്തിയ കരാറുകാരനില്‍നിന്നു താന്‍ അഞ്ചുകോടിരൂപ പിഴയീടാക്കിയിരുന്നു. പുതിയ ടെന്‍ഡര്‍ വിളിച്ച് ആളെ മാറ്റുകയും ചെയ്തു. വലിയ പദ്ധതികള്‍ വരുമ്പോള്‍ യോഗം വിളിക്കുകയാണു പതിവ്. അതില്‍ കരാറുകാര്‍ക്കും അവരുടെ പ്രശ്‌നങ്ങള്‍ പറയാം. ശരിയായ വിഷയമാണെങ്കില്‍ പരിഹരിക്കും. ആലപ്പുഴ ബൈപ്പാസിനായി 63 യോഗങ്ങള്‍ വിളിച്ചിരുന്നു.
രാജ്യത്ത് ചില ഉദ്യോഗസ്ഥരും കരാറുകാരും രാഷ്ട്രീയക്കാരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നു ദേശീയതലത്തില്‍ നിയോഗിച്ച കമ്മിഷന്‍ കണ്ടെത്തിയിരുന്നു. തന്റെകാലത്ത് ഈ കൂട്ടുകെട്ടു തകര്‍ത്തിരുന്നു. എന്റെ മുന്‍പില്‍ കരാറുകാരനുമായി ഒരു എം.എല്‍.എ.യും വന്നിട്ടില്ല. റിയാസ് പറഞ്ഞതിനെ ആരും വ്യക്തിപരമായി കാണേണ്ടതില്ല. അഴിമതിയുണ്ടാകാതിരിക്കാനുള്ള ഇടതുനിലപാടാണത് അദ്ദേഹം പറഞ്ഞു.
Content Highlights: Riyas against MLA-contractor ties; G Sudhakaran supports minister


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..