ചെന്നൈ: ഗജ ചുഴലിക്കാറ്റിന്റെ കെടുതികളാല്‍ കഷ്ടപ്പെടുന്ന തമിഴ്നാട് ജനതയ്ക്ക് സഹായം അഭ്യര്‍ഥിച്ച് മക്കള്‍ നീതി മയ്യം പ്രസിഡന്റും നടനുമായ കമല്‍ഹാസന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രാഷ്ട്രീയത്തിന് അതീതമായി ഉണരണമെന്നും ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്നുപോയ തമിഴ് ജനതയെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതാണ് കമലിന്റെ കത്ത്.

തമിഴ്നാട്ടിലെ തീരദേശജനത ഉള്‍പ്പടെുള്ളവരുടെ ജീവനും സ്വത്തിനും വ്യാപകമായ നാശനഷ്ടമാണ് ഗജ ചുഴലിക്കാറ്റ് മൂലം ഉണ്ടായത്. തമിഴ് ജനതയ്ക്ക് നിര്‍ലോഭമായ പിന്തുണ കേരള സര്‍ക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും ഉണ്ടാവണമെന്ന് മക്കള്‍ നീതി മയ്യം ആഗ്രഹിക്കുന്നു. 

വിളകള്‍ക്കും ബോട്ടുകള്‍ക്കും ഉണ്ടായിരിക്കുന്ന നാശം കര്‍ഷകരുടെയും മത്സ്യതൊഴിലാളികളുടെയും ജീവിതം തന്നെ ഇല്ലാതാക്കിയേക്കാം. മനുഷ്യത്വത്തിന്റെ വികാരം കേരളം ഉയര്‍ത്തിപ്പിടിക്കണം. ഇത്തരം ഘട്ടങ്ങളില്‍ മനുഷ്യന്റെ കരുണ മറ്റെന്തിനേക്കാള്‍ പ്രകാശിക്കും. തമിഴ്നാട് നേരിട്ട നാശനഷ്ടങ്ങള്‍ അതിജീവിക്കാന്‍ വര്‍ഷങ്ങളുടെ അതിജീവനം വേണ്ടിവരും.

അതിനാല്‍ നമ്മുടെ സഹോദരന്മാര്‍ക്ക് ഒരു സാധാരണ ജീവിതാവസ്ഥ കൈവരാനായുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നമുക്കിപ്പോള്‍ തുടക്കം കുറിക്കാമെന്നും കമല്‍ കത്തില്‍ കുറിച്ചു. പിണറായി വിജയനുമായി അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് കമല്‍ ഹാസന്‍. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച ശേഷം കമല്‍ പിണറായിയെ സന്ദര്‍ശിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

content highlights: Rise Above Politics: Kamal Haasans letter To Pinarayi Vijayan