റിപ്പർ ജയാനന്ദൻ | ഫയൽചിത്രം | ഫോട്ടോ: ടി.കെ.പ്രദീപ്കുമാർ/മാതൃഭൂമി
കൊച്ചി: കഞ്ഞിയും കറിയും വെച്ച് കളിക്കുമ്പോള്‍ കൂട്ടുചേരുന്ന, ചീത്ത വാക്കുകള്‍ പറഞ്ഞാല്‍ ശകാരിക്കുന്ന, കൈയക്ഷരം നന്നാക്കണമെന്ന് ഉപദേശിക്കുന്ന അച്ഛന്‍ ഒന്‍പതുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നു പറഞ്ഞാല്‍ ഞങ്ങള്‍ എങ്ങനെ വിശ്വസിക്കും... കീര്‍ത്തി ജയാനന്ദന്റെ വാക്കുകള്‍ പതറുന്നുണ്ടായിരുന്നു, റിപ്പര്‍ എന്ന് സമൂഹം വിളിച്ച, കഠിന തടവിനു ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ തടവില്‍ കഴിയുന്ന, ജയാനന്ദന്റെ മകളാണ് കീര്‍ത്തി; കേരള ഹൈക്കോടതിയിലടക്കം പ്രാക്ടീസ് ചെയ്യുന്ന 27 വയസ്സുള്ള അഭിഭാഷക. 23 വയസ്സുള്ള രണ്ടാമത്തെ മകള്‍ കാശ്മീര തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ്. ഏറെ നിയമ പോരാട്ടത്തിനൊടുവിലാണ് മാര്‍ച്ച് 22-ന് തൃശ്ശൂരില്‍ നടന്ന കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയാനന്ദന് അനുമതി ലഭിച്ചത്. ഭാര്യ ഇന്ദിര ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദിച്ചത് കീര്‍ത്തിയായിരുന്നു. ഈ പശ്ചാത്തലത്തില്‍ 'മാതൃഭൂമി'യോട് സംസാരിക്കുകയായിരുന്നു അവര്‍.
ജയിലില്‍ കഴിയുന്ന ജയാനന്ദന് പരോള്‍ അനുവദിച്ചില്ലെങ്കിലും പോലീസ് അകമ്പടിയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു. മാര്‍ച്ച് 21-നാണ്, 17 വര്‍ഷത്തിനു ശേഷം ജയാനന്ദന്‍ തൃശ്ശൂര്‍ ജില്ലയിലെ പൊയ്യ എന്ന ഗ്രാമത്തിലെ വീട്ടിലേക്ക് എത്തുന്നത്. അച്ഛന്‍ എട്ടാം ക്ലാസ് വരെ പഠിച്ചിരുന്നു. അമ്മ പത്താം ക്ലാസ് വരെയും. മക്കള്‍ നന്നായി പഠിക്കണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. അടുത്തിരുത്തി പഠിപ്പിക്കുകയും ചെയ്തിരുന്നു. കുഡുംബി സമുദായത്തില്‍പ്പെട്ടവരാണ് ഞങ്ങള്‍. കൊടുങ്ങല്ലൂരില്‍ കുറച്ചുനാള്‍ താമസിച്ചിരുന്നു. അന്ന് ജാതി മാറണം എന്ന ആവശ്യം ചിലര്‍ ഉന്നയിച്ചിരുന്നു. അതിന് അച്ഛന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഒരു മോഷണക്കുറ്റം അച്ഛനെതിരേ ആരോപിച്ചിരുന്നു. അതല്ലാതെ മറ്റൊരു കേസും അച്ഛനെതിരേ ഉണ്ടായിരുന്നില്ല.
കൊലപാതകം നടത്തിയിട്ടില്ലെന്നു പറയുമ്പോഴും എന്തുകൊണ്ടാണ് അച്ഛന്‍ ജയില്‍ ചാടിയത് എന്നത് ഒരു ചോദ്യമാണ്. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാണ് പറഞ്ഞത്. തെറ്റ് ചെയ്യാതെ തടവിലാക്കപ്പെടുമ്പോഴുള്ള പ്രശ്‌നങ്ങളായിരിക്കാം അതിനു പിന്നില്‍ എന്നാണ് കരുതുന്നത്. എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന ചിന്തയില്‍നിന്നുള്ള പ്രതികരണമായിരുന്നിരിക്കാം. ചിലപ്പോള്‍ അച്ഛനായതുകൊണ്ട് തനിക്ക് തോന്നുന്നതുമാകാം...'' കീര്‍ത്തിക്ക് വാക്കുകള്‍ പൂര്‍ത്തിയാക്കാനായില്ല. കേസില്‍ പുനരന്വേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഇക്കാര്യം സര്‍ക്കാരിന്റെ മുന്നില്‍ ഉന്നയിക്കും. ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്.
ജയാനന്ദനെതിരായ കേസുകള്‍
2006-ല്‍ എറണാകുളം പുത്തന്‍വേലിക്കര സ്വദേശിനി ദേവകിയെ കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ജയാനന്ദന് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, അപ്പീലില്‍ ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. പെരിഞ്ഞനം കളപ്പുരയ്ക്കല്‍ സഹദേവന്‍, ഭാര്യ നിര്‍മല എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി കുറ്റവിമുക്തനാക്കി. മാള പള്ളിപ്പുറം സ്വദേശിനി നബീസ, മരുമകള്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിനി ഫൗസിയ, ബിവറേജസ് ജീവനക്കാരനായിരുന്ന പറവൂര്‍ നന്ത്യാട്ടുകുന്നം സ്വദേശി സുഭാഷകന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലും പ്രതിയായിരുന്നു. എന്നാല്‍, പിന്നീട് കുറ്റക്കാരനല്ലെന്നു കണ്ടെത്തി.
2005-ല്‍ തൃശ്ശൂര്‍ വടക്കേക്കര ഏലിക്കുട്ടിയെ (82) കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചു.എറണാകുളം പോണേക്കരയില്‍ എഴുപത്തിനാലുകാരിയെയും ബന്ധുവിനെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയതു താനാണെന്ന് ജയിലില്‍ കഴിയവേ ജയാനന്ദന്‍ സഹ തടവുകാരനോട് പിന്നീട് വെളിപ്പെടുത്തിയിരുന്നു. കണ്ണൂര്‍, പൂജപ്പുര എന്നിവിടങ്ങളില്‍നിന്ന് ജയില്‍ ചാടിയ കേസുകളുമുണ്ട്.
Content Highlights: ripper jayanandans daughter adv keerthi jayanandan about him
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..