കൊല്ലം: കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ സി.ആര്‍. മഹേഷിന്റെ കുടുംബത്തിന് സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ്. മഹേഷിന്റെ അമ്മയുടെ പേരിലുള്ള സ്ഥലവും വീടും പണയംവെച്ച് കരുനാഗപ്പള്ളി സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍നിന്നെടുത്ത വായ്പയാണ് കുടിശികയായത്. നിലവില്‍ 23.94 ലക്ഷം രൂപയാണ് അടച്ചുതീര്‍ക്കാനുള്ളത്. ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ കുടുംബം പ്രതിസന്ധിയിലാണ്.
2015ല്‍ 16.68 ലക്ഷം രൂപയാണ് വായ്പയെടുത്തത്. ഇതാണ് 7.25 ലക്ഷം പലിശ അടക്കം 23.94 ലക്ഷം രൂപയായത്. നിലവില്‍ കുടിശിക മാത്രം 14.6 ലക്ഷമാണ് അടയ്ക്കാനുള്ളത്. ജപ്തി നടപടികളുടെ ഭാഗമായി വസ്തു അളന്ന് തിട്ടപ്പെടുത്തുമെന്ന് കാട്ടി മഹേഷിന്റെ അമ്മയ്ക്ക് ജപ്തിനോട്ടീസ് ലഭിച്ചിട്ടുണ്ട്.
എട്ട് അംഗങ്ങള്‍ താമസിക്കുന്ന വീടാണിത്. ജപ്തി നടപടികള്‍ ഇളവുചെയ്ത്, തിരിച്ചടവിന് ആറ് മാസത്തെ സാവകാശം നല്‍കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് മഹേഷിന്റെ അമ്മ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സഹകരണ രജിസ്ട്രാര്‍, ബാങ്ക് പ്രസിഡന്റ് തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍നിന്ന് മത്സരിച്ച മഹേഷ് പരാജയപ്പെട്ടിരുന്നു. മഹേഷിന്റെ സഹോദരന്‍ സി.ആര്‍. മനോജ് സിപിഐ എവൈഎഫ്‌ഐ നോതാവും പ്രൊഫഷണല്‍ നാടക പ്രവര്‍ത്തകനുമാണ്.
Content Highlights: revenue recovery notice for KPCC General Secretary C.R. Mahesh's house