തിരുവനന്തപുരം: ഹാരിസണ്‍, കരുണ എസ്റ്റേറ്റ് തുടങ്ങിയ സുപ്രധാന റവന്യൂ കേസുകള്‍  കൈകാര്യം ചെയ്തിരുന്ന പ്രത്യേക അഭിഭാഷക സുശീല ആര്‍. ഭട്ടിനെ സര്‍ക്കാര്‍ മാറ്റി. ഹാരിസണ്‍ കേസ് നിര്‍ണ്ണായ ഘട്ടത്തിലിരിക്കെയാണ് സുശീല ഭട്ടിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരിക്കുന്നത്.

പുതിയ സര്‍ക്കാര്‍ വന്ന സാഹചര്യത്തിലാണ് ഇവരെ മാറ്റാനുളള തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ എല്‍.ഡി.എഫ് തലത്തില്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സുശീല ഭട്ടിനെ മാറ്റം ചെയ്യാനുളള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്റെ ഭരണകാലത്ത് പ്രത്യേക ഉത്തരവിലൂടെയാണ് സുശീല ഭട്ടിനെ റവന്യൂ അഭിഭാഷകയായി നിയമിച്ചത്.

ഹൈക്കോടതിയുടെ പരിധിയിലുളള നിരവധി ഭൂമിയിടപാടുകളുടെ കേസുകളുടെ ചുമതല പത്ത് വര്‍ഷത്തോളമായി സുശീല ഭട്ടിനാണ്. ഈ കേസുകളിലെല്ലാം നിര്‍ണ്ണായകമായ ഇടപെടലുകളാണ് സുശീല ഭട്ട് നടത്തിയിരുന്നത്.

ഇവരുടെ ഇടപെടല്‍ കൊണ്ടാണ് ഹാരിസണ്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് കലക്ടര്‍ രാജമാണിക്യത്തിന്റെ പിന്തുണയോടെ ഒരു പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനമായത്. ഹാരിസണ്‍ ഭൂമിയിടപാടില്‍  സര്‍ക്കാറിനായി കടുത്ത നിലപാടാണ് ഹൈക്കോടതിയില്‍ സുശീല ഭട്ട് എടുത്തിരുന്നത് . കേസ് അവസാനഘട്ടത്തിലിരിക്കെയാണ്  സുശീല ഭട്ടിന്റെ ഈ സ്ഥാനമാറ്റം.

സുശീല ഭട്ടിനെ നീക്കിയ നിലപാട് തെറ്റാണെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായി ഏകാധിപതിയാകാനാണ് ശ്രമിക്കുന്നതെന്നും  തീരുമാനം സംസ്ഥാന താത്പര്യത്തിന് എതിരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.