എസ്. രാജേന്ദ്രൻ | Photo: Mathrubhumi
മൂന്നാര്‍: ദേവികുളം മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രന് വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നല്കി. മൂന്നാര്‍ ഇക്കാനഗറിലെ വീടൊഴിയാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വീട് പുറമ്പോക്ക് ഭൂമിയിലാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ്.
എസ്. രാജേന്ദ്രന് എം.എല്‍.എ. ആയിരുന്നപ്പോഴും അതിനു ശേഷവും കയ്യേറ്റഭൂമിയിലാണ് താമസിക്കുന്നതെന്ന ആരോപണം മുന്‍പേ തന്നെ ഉയര്‍ന്നിരുന്നു. ഇക്കാനഗറിലെ എട്ടു സെന്റോളം ഭൂമിയാണ് രാജേന്ദ്രന്റെ കൈവശമുള്ളത്. ഇത് കൃത്യമായ ലാന്‍ഡ് അസസ്മെന്റ് നടപടിക്രമങ്ങള്‍ പ്രകാരമല്ലാതെ ലഭിച്ച പട്ടയമാണെന്നും വ്യാജപട്ടയമാണെന്നും ആരോപണം ഉയരുകയും ചെയ്തിരുന്നു.
രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ റവന്യൂ വകുപ്പ് വിഷയവുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. രാജേന്ദ്രന് രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ മതിയായ രേഖകള്‍ ഹാജരാക്കിയില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.
നേരത്തെ ഇക്കാനഗറില്‍ താമസിക്കുന്ന മറ്റൊരു സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിക്കുകയും തന്റെ ഭൂമിക്ക് പട്ടയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കേസില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ ഭൂമി കൈവശം വെക്കുന്ന ആളുകളെ ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കോടതി നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഏകദേശം അറുപതുപേര്‍ക്ക് ഇക്കാനഗറില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് രാജേന്ദ്രനും നോട്ടീസ് ലഭിച്ചത്. മറ്റുള്ളവരോട് മതിയായ രേഖകള്‍ ഹാജരാക്കാനും വിശദീകരണം നല്‍കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നതെങ്കില്‍ ഏഴുദിവസത്തിനകം വീട് ഒഴിയാന്‍ ആവശ്യപ്പെട്ടാണ് രാജേന്ദ്രന് നോട്ടീസ്.
നേരത്തെ ഭൂമിയുമായി ബന്ധപ്പെട്ട് ആക്ഷേപമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ രാജേന്ദ്രനായി രംഗത്തെത്തിയിരുന്നു. പട്ടയഭൂമിയാണെന്ന് പറയുകയും ചെയ്തിരുന്നു. ഇതേ ഭൂമിക്കു മേലാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്. സ്വമേധമായ ഒഴിയാത്തപക്ഷം ബലമായി ഒഴിപ്പിക്കുമെന്നും നോട്ടീസില്‍ പറയുന്നു. അതേസമയം എന്തുംവരട്ടെ നേരിടുമെന്ന് രാജേന്ദ്രന് പ്രതികരിച്ചു. നിയമപരമായും അല്ലാതെയും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: revanue department issues eviction notice to former mla s rajendran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..