രമേശ് ചെന്നിത്തല | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുന്‍പ് തന്നെ എം.ശിവശങ്കരനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വര്‍ണക്കടത്തു പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് പുറത്തു കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇപ്പോഴും പ്രതിയാണ്. ലൈഫ് തട്ടിപ്പ് കേസിൽ അന്വേഷണം പൂര്‍ത്തിയായിട്ടുമില്ല. അങ്ങനെ പ്രതിയായി നില്‍ക്കുന്ന ഒരാളെയാണ് തിടുക്കത്തില്‍ ചീഫ് സെക്രട്ടറിയുടെ സമിതിയെക്കൊണ്ട് റിപ്പോര്‍ട്ട് എഴുതി വാങ്ങി സര്‍വീസില്‍ തിരിച്ചെടുക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കോടതി തീര്‍പ്പ് കല്പിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ പ്രതിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. ഇതുവഴി എന്തു സന്ദേശമാണ് നല്‍കുന്നത്? രാജ്യദ്രോഹപരമായ കള്ളക്കടത്തു നടത്തിയാലും എന്തൊക്കെ തട്ടിപ്പ് നടത്തിയാലും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നല്ലേ? കളങ്കിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നല്ലേ? ചെന്നിത്തല ചോദിക്കുന്നു. സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ ശിവശങ്കരന്റെ സസ്‌പെന്‍ഷന്‍ നീട്ടാമായിരുന്നു. നിയമപരമായി സര്‍ക്കാരിന് അതിനുള്ള അധികാരമുണ്ട്. എന്നാല്‍ കുറ്റാരോപിതനെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രത ഈ കേസിലെ കള്ളക്കളികളിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മറ്റും പേരുകളും പല തവണ ഉയര്‍ന്നുവന്നിരുന്നതാണ്. പ്രതികളുടെ മൊഴിയില്‍ അത് സംബന്ധിച്ച് പരാമര്‍ശങ്ങളുമുണ്ട്. കൂട്ടുപ്രതിയെ സംരക്ഷിക്കാനുള്ള തത്രപ്പാടാണ് സര്‍ക്കാര്‍ ഇവിടെ കാട്ടിയിരിക്കുന്നതന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇനി സ്വപ്ന സുരേഷിനെ കൂടി മുഖ്യമന്ത്രിയുടെ കീഴിലെ പഴയ ജോലിയില്‍ തിരിച്ചെടുത്താല്‍ എല്ലാം ശുഭമാകുമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
Content Highlights: Bringing Sivasankaran back to service proves that it is a ploy with the Chief Minister says chennithala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..