കോട്ടയം: സുപ്രീംകോടതി ശബരിമല യുവതീ പ്രവേശനവിധിയുടെ പുനഃപരിശോധനാ ഹര്‍ജികള്‍ സ്വീകരിച്ചത് അസാധാരണമാണെന്ന് റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ ടി തോമസ്. വിശദമായ പരിശോധന ആവശ്യമായതിനാലാണ് വിശാല ബെഞ്ചിലേക്ക് വിഷയം കൈമാറിയതെന്നും വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നതു വരെ ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് ഭംഗിയെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

പുനഃപരിശോധനാ ഹര്‍ജികള്‍ സാധാരണ ഗതിയില്‍ തള്ളാറാണ് പതിവെന്നും അഞ്ചംഗബെഞ്ചിന്റെ വിധിയോട് വിയോജിപ്പുള്ളവര്‍ ഉള്ളതു കൊണ്ടാണ് ഏഴംഗബെഞ്ചിന് വിട്ടതെന്നും അതിനാല്‍ തീരുമാനമായതായി കണക്കാക്കാനാവില്ലെന്നും റിട്ടയേര്‍ഡ് ജസ്റ്റിസ് കെ ടി തോമസ് പ്രതികരിച്ചു. 

യുവതീപ്രവേശനവിധിയില്‍ നിലവില്‍ സ്റ്റേയില്ലെന്നും എന്നാല്‍ പുനഃപരിശോധനാഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്കിരിക്കുന്നതിനാല്‍ യുവതീപ്രവേശനം അനുവദിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം വരുന്നതു വരെ യുവതികളെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

Content Highlights: Retired Justice KT Thomas responds to the decision of SC on Sabarimala issue