കോഴിക്കോട്: കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയിലെ അമ്പലക്കുളങ്ങരയില്‍ ദുരൂഹസാഹചര്യത്തില്‍ കാറിന് തീ പിടിച്ച്  മുന്‍ പ്രധാനാധ്യാപകന്‍ മരിച്ച സംഭവം ആത്മഹത്യയെന്ന നിഗമനത്തില്‍ പോലീസ്. നമ്പ്യത്താംകുണ്ട് എം.എല്‍.പി സ്‌കൂളില്‍ നിന്ന് വിരമിച്ച പ്രധാനാധ്യാപകന്‍ കൊയ്യാല്‍ നാണുവായിരുന്നു കഴിഞ്ഞ ദിവസം അമ്പലക്കുളങ്ങര ടൗണിനടുത്ത് കാറിനുള്ളിലിരുന്ന് തീപ്പിടിച്ച് മരിച്ചത്. 
 
Nanu
മരിച്ച നാണു
പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് സ്വയം തീക്കൊളുത്തി മരിച്ചതായിരിക്കാമെന്ന് കുറ്റ്യാടി സി.ഐ സുനില്‍കുമാര്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കിലും ആത്മഹത്യ തന്നെയാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വിവരം നല്‍കിയതായി സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. 
 
കഴിഞ്ഞ ദിവസം കാറില്‍ നിന്ന് മൃതദേഹം എടുത്ത് കിടത്തുമ്പോള്‍ തന്നെ മൃതദേഹത്തിന്റെ പുറകുവശത്ത് നിന്ന് പെട്രോളിന്റെ മണം ഉണ്ടായിരുന്നു. മറ്റ് ശത്രുക്കളൊന്നും മരിച്ച നാണുവിന് ഇല്ലെന്നിരിക്കെ ആത്മഹത്യാ സാധ്യത ഇന്നലെ തന്നെ പോലീസിന് ലഭിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടോ, മറ്റെന്തെങ്കിലും അപകടവുമല്ല കാര്‍ കത്താന്‍ കാരണമെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. 
 
കത്തിയ കാറിലെ പെട്രോള്‍ ടാങ്കിന് തീ പിടിച്ചിട്ടുണ്ടായിരുന്നില്ല. പുറകിലെ സീറ്റിലടക്കം പെട്രോളിന്റെ അതിരൂക്ഷ ഗന്ധവും ഉണ്ടായിരുന്നു. പെട്രോള്‍ വാങ്ങാന്‍ നാണു അയല്‍വീട്ടുകാരോട് കുപ്പി ചോദിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. 
 
സാമ്പത്തികമായി നല്ല നിലയിലുള്ള ആളായിരുന്നു നാണുവെങ്കിലും ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണ് എന്നത് അന്വേഷണത്തിന് ശേഷമേ വ്യക്തമാവുകയുള്ളൂ. യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കൊയ്യാല്‍ നാണുവിന് വീട്ടിലെ ഒറ്റപ്പെട്ട ജീവിതമാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികളും സംശയിക്കുന്നത്. 
ജോലിയില്‍ നിന്നു വിരമിച്ച ശേഷം വീട്ടില്‍ തന്നെ ഒതുങ്ങിയായിരുന്നു നാണുവിന്റെ ജീവിതം. വടകര സബ്‌കോടതിയിലെ സീനിയര്‍ ക്ലര്‍ക്ക് സുജാതയാണ് നാണുവിന്റെ ഭാര്യ. നാല് വയസ്സുകാരന്‍ ആത്മജാണ് മകന്‍. 
 
ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു കാറിന് തീ പിടിച്ച് നാണു മരിച്ചത്. കാര്‍ കത്തുന്നത് കണ്ട നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചേലക്കാട് നിന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി തീയണക്കുമ്പോഴേക്കും മരണം സഭവിച്ചിരുന്നു.