പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങിയപ്പോൾ
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതോടെയാണ് സഭ നിർത്തിവെച്ചത്. പ്ലക്കാർഡുകളും ബാനറുകളുമായി ആയിരുന്നു പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം.
അതിനിടെ, സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. അനിത പുല്ലയില്‍ ലോക കേരളസഭ നടക്കുമ്പോള്‍ പാസ് ഇല്ലാതെ നിയമസഭയില്‍ എത്തിയത് മാധ്യമങ്ങളാണ് പുറത്ത് വിട്ടത്. ഇതിന് പിന്നാലെ സുരക്ഷ ശക്തമാക്കുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മീഡിയ റൂമില്‍ ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും കടുത്ത നിയന്ത്രണമാണുള്ളത്.
പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് വിവരം. അതോടൊപ്പം, സഭ ആരംഭിച്ച ഉടനെ പ്രതിപക്ഷം ചോദ്യോത്തര വേളയില്‍ തന്നെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സഭ ടി.വിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ കാണിച്ചില്ല. ഭരണപക്ഷ അംഗങ്ങളുടെ ദൃശ്യങ്ങള്‍ മാത്രമാണ് സംപ്രേക്ഷണം ചെയ്തത്. പ്രതിപക്ഷ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് സഭ ടി.വിക്ക് വാക്കാല്‍ നിര്‍ദേശവും നല്‍കിയിരുന്നു.
നിയമസഭാ സമുച്ചയത്തില്‍ പ്രവേശിക്കുന്നതിന് പാസ് കാണിക്കണമെന്നത് കാലങ്ങളായുള്ള കീഴ്വഴക്കമാണ്. എന്നാല്‍ സഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മീഡിയാ റൂമില്‍ മാത്രം ഇരിക്കണമെന്നതാണ് പുതിയ സാഹചര്യം. ഇവിടെ നിന്ന് ക്യാന്റീനിലേക്കോ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്കോ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്കോ പോകുന്നതിന് വിലക്കുണ്ട്. ചായ കുടിക്കാനുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് പുറത്തേക്ക് പോകുന്നതിന് അടക്കം വാച്ച് ആന്‍ഡ് വാര്‍ഡിന്റെ നിയന്ത്രണമുണ്ട്
സാധാരണഗതിയില്‍ സഭ നിര്‍ത്തിവെച്ചാല്‍ അതിന്റെ അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുക സ്പീക്കറുടെ ഓഫീസിലാണ്. ചര്‍ച്ചയ്ക്കായി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഇവിടേക്ക് എത്തുകയാണ് പതിവ്. ഇത്തരം സാഹചര്യങ്ങളില്‍ മാധ്യമപ്രവർത്തകർക്ക് ഇവിടെയെത്താന്‍ അവസരം നല്‍കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കാരണം മീഡിയ റൂമില്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇരിക്കാന്‍ കഴിയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..