എം സ്വരാജ് | sabha tv screengrab
തിരുവനന്തപുരം : പതിനാലാം സഭയുടെ ചരിത്രത്തിലുടനീളം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത് അര്‍ഥരഹിതമായ ശൂന്യതയില്‍ നിന്നുള്ള ബഹളമായിരുന്നുവെന്ന് എംഎല്‍എ എം സ്വരാജ്. കഴമ്പുള്ള വാക്ക്, ഗൗരവമുള്ള വിമര്‍ശനം സൃഷ്ടിപരമായ നിര്‍ദേശം നാളിതുവരെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും എം. സ്വരാജ് സ്പീക്കര്‍ക്കെതിരായ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് പറഞ്ഞു.
ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന് അനുശാസിക്കുന്ന നിയമമാണ് നമ്മുടേത്. ഒരു നിരപരാധിയെ ഒരു സംഘം കുറ്റവാളികള്‍ ചേര്‍ന്ന് കുരിശിലേറ്റാന്‍ വേണ്ടി വൃഥാ പണിപ്പെടുന്നതാണ് കാണുന്നത്. കേട്ടുകേള്‍വികളാണ് അടിസ്ഥാനമാക്കുന്നത്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല വസ്തുതകളുടെ അടിസ്ഥാനത്തിലാവണം ആരോപണങ്ങള്‍ ഉന്നയിക്കാനും പ്രമേയങ്ങള്‍ കൊണ്ടുവരാനും എന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇല്ലെങ്കില്‍ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാവുമെന്നും സ്വരാജ് പറഞ്ഞു.
"കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ബഹുമാന്യനായ കെ.ടി ജലീല്‍ എന്തെല്ലാം നീചമായ ആരോപണങ്ങള്‍ കേട്ടു. ജിപിഎസ് ഓഫായി, ലോറി ബംഗളൂരുവിലേക്ക് പോയി. ഖുറാന് കള്ളക്കടത്ത് നടത്തി, സ്വര്‍ണ്ണക്കടത്തില്‍ ബന്ധം ഒരു തരി പൊന്നുപോലുമില്ലാത്ത കുടുംബത്തിലെ അംഗത്തെ വരെ ക്രൂശിച്ചു". എവിടെ ജിപിഎസ്? എവിടെ ലോറി? എവിടെ മുറുകിയ കുരുക്കെന്നും കെ.ടി ജലീലിനെതിരായ ആരോപണങ്ങളെ മുന്‍ നിര്‍ത്തി സ്വരാജ് ചോദിച്ചു.
20 കൊല്ലത്തെ ജലീലിന്റെ അക്കൗണ്ട് പരിശോധിച്ചു. നയാപൈസയുടെ ക്രമവിരുദ്ധമായ ഇടപാട് കണ്ടെത്താന്‍ കഴിഞ്ഞില്ല.. നിങ്ങള്‍ ജനാധിപത്യത്തിലെ കുറ്റകരമായ നടപടികളാണ് സ്ഥിരമായി അനുവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി സ്വരാജ് പറഞ്ഞു.
"ഓരോ ആരോപണങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനം വിളിച്ച് മറുപടി പറയാന്‍ വൈകിട്ടത്തെ മാധ്യമചര്‍ച്ചയില്‍ പ്രത്യാരോപണം ഉന്നയിക്കാന്‍ താന്‍ വഹിക്കുന്ന പദവികൊണ്ട് സ്പീക്കര്‍ക്കാവില്ല.അത് മുതലാക്കാന്‍ സ്പീക്കര്‍ക്ക് നേരെ തിരിയുന്നു. 53ാം വയസ്സില്‍ പിറന്നു വീണയാളല്ല പി. ശ്രീരാമകൃഷ്ണന്. നാല് പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ കളങ്കത്തിന്റെ ഒരുപൊട്ടില്ലാത്തയാളാണ് ശ്രീരാമകൃഷ്ണന്. ഇന്ത്യയിലെ ഐഡിയല്‍ സ്പീക്കര്‍ക്കുള്ള ഉപരാഷ്ട്രപതി അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സഭയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ആ സ്പീക്കറെ കേട്ടു കേള്‍വികളുടെ അടിസ്ഥാനത്തില്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റവിചാരണ ചെയ്യുകയാണ്.
നിയമസഭ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അച്ചടിച്ചു കൂട്ടുന്ന കടലാസ്സുകെട്ടുകളുടെ ചെലവ് 30 കോടി രൂപയാണ് വാര്‍ഷിക ചെലവ്. 52 കോടിയാണ് ഡിപിആര്‍. രണ്ട് കൊല്ലം അച്ചടിക്കാന്‍ ചെലവഴിക്കുന്ന തുകയേ ഈ സഭയെ ഇങ്ങനെ മാറ്റാന്‍ ചെലവാക്കിയിട്ടുള്ളൂ. ഇതിനെല്ലാം മേല്‍നോട്ടം വഹിക്കുന്ന ആറ് കമ്മറ്റികളുടെ മേല്‍നോട്ടം വഹിക്കുന്ന 9 അംഗ ഉന്നതതല സമിതിയില്‍ അരുവിക്കര അംഗം തൃക്കാക്കര അംഗം, വേങ്ങര അംഗം എന്നിവരുണ്ടായിരുന്നു. അവര്‍ക്ക് വിയോജിപ്പുകള്‍ അന്നറിയിക്കാമായിരുന്നു".
സഭാ ടിവിയിലെ തന്റെ അഭിമുഖം പെട്ടെന്ന് സംപ്രേഷണം ചെയ്യണമെന്ന് വരെ ആവശ്യപ്പെട്ടയാളാണ് പ്രതിപക്ഷ നേതാവ്. എന്നിട്ട് സഭാ ടിവിയെ കുറിച്ച് കുറ്റം പറയുന്നത് ശരിയാണോ എന്നും സ്വരാജ് ചോദിച്ചു.
2020 നവംബറില്‍ ഗുജറാത്തില്‍ ചേര്‍ന്ന ഇന്ത്യയിലെ സ്പീക്കര്‍മാരുടെ സമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയെ ഏറ്റവും മാതൃകാപരമായ പരിപാടിയായി അംഗീകരിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മാതൃകയായി ഈ പരിപാടി സംഘടിപ്പിക്കണമെന്ന തീരുമാനിക്കുകയും ചെയ്തു. വിമര്ശിച്ചവരെല്ലാവരും ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയില്‍ വന്ന് സംസാരിച്ചവരാണ്. എന്തിന്റെ പേരിലാണ് സ്പീക്കറെ സ്ഥാനത്ത് നിന്ന മാറണമെന്ന് ആവശ്യപ്പെടുന്നത്. ഹരിതപ്രോട്ടോക്കോള്‍ നിയമസഭാ സമുച്ചയത്തിനകത്ത് നടപ്പിലാക്കി, പബ്ലിക് അമെന്‍ഡ്മെന്റ് പൂള് ഇന്തയിലാദ്യമായി നടപ്പാക്കി. ഇന്ത്യയിലാദ്യമായി നിയമസഭ സ്വന്തമായി ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇന്ത്യയിലാദ്യമായി ട്രാന്‍സ്ജെന്‍ഡറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിയമസഭാ സമിതിയുടെ പരിഗണനാ വിഷയങ്ങളിലുള്പ്പെടുത്തി സഭ നടപടികള്‍ ഒടിടി പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കി തുടങ്ങിയ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സ്പീക്കര്‍ക്കെതിരേയുള്ള പ്രമേയത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
content highlights: Resolution on speaker's removal, M Swaraj's speech, Kerala assembly session
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..