തിരുവനന്തപുരം: പി.ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന പ്രമേയത്തില്‍ സ്പീക്കര്‍ക്കെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയുടെ അന്തസ്സ് ഇടിച്ചുത്താഴ്ത്തിയ ആദ്യത്തെ സ്പീക്കറായിട്ടാകും പി. ശ്രീരാമകൃഷ്ണന്റെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തുകയെന്ന് അദ്ദേഹം പറഞ്ഞു. പ്രമേയത്തെ ശക്തമായി പിന്താങ്ങുന്നതായി സഭയെ അറിയിച്ച പ്രതിപക്ഷ നേതാവ്, സ്പീക്കറുടെ കസേരയിലിരിക്കാന്‍ ശ്രീരാമകൃഷ്ണന് എന്ത് യോഗ്യതയാണുള്ളതെന്നും ചോദിച്ചു. പി. ശ്രീരാമകൃഷ്ണന്റെ തൊട്ടടുത്തിരുന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസംഗം. 

'' ജനാധിപത്യത്തില്‍ ഏറ്റവും മഹത്തായ സ്ഥാനമാണ് സ്പീക്കറുടേത്. സ്പീക്കര്‍ സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ഭരണഘടനയാണ് സ്പീക്കര്‍ക്ക് മാര്‍ഗദീപമാകേണ്ടത്. എന്നാല്‍ 
ഇവിടുത്തെ കാര്യത്തില്‍ നിയമസഭയുടെ അന്തസ്സ് ഇടിച്ചുത്താഴ്ത്തിയ ആദ്യത്തെ സ്പീക്കറായിട്ടാകും പി. ശ്രീരാമകൃഷ്ണന്റെ പേര്  ചരിത്രം രേഖപ്പെടുത്തുക.

സ്പീക്കര്‍ പദവി ഉന്നതമായ സ്ഥാനമാണ്. പക്വതയെത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരാണ് സ്പീക്കറാവുക. അവര്‍ സ്പീക്കറായാല്‍ നിഷ്പക്ഷരാകും. എന്നാല്‍ ആ ജനാധിപത്യ സങ്കല്പത്തെ ശ്രീരാമകൃഷ്ണന്‍ തകര്‍ത്തെറിഞ്ഞു. കഴിഞ്ഞ നിയമസഭയില്‍ സ്പീക്കറുടെ ഇരിപ്പിടം വലിച്ചെറിഞ്ഞ സംഘത്തിലെ അംഗമല്ലേ അങ്ങ്? സ്പീക്കര്‍ പദവിയുടെ മഹത്വം തിരിച്ചറിഞ്ഞ ആര്‍ക്കും അത് ചെയ്യാന്‍ പറ്റില്ല. ഈ നിയമസഭയില്‍ തന്നെ സ്പീക്കറായി പരിഗണിക്കാന്‍ പാടില്ലെന്ന് അങ്ങ് സ്വയം പറയണമായിരുന്നു. സ്പീക്കറുടെ കസേര എടുത്തെറിഞ്ഞ ആള്‍ക്ക് ആ കസേരയില്‍ ഇരുന്ന് അംഗങ്ങളെ നിയന്ത്രിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്.

നേരത്തെ അച്ചടക്കലംഘനത്തിന് ശിക്ഷിക്കപ്പെട്ടയാളാണ് പി. ശ്രീരാമകൃഷ്ണന്‍. 2012-ല്‍ അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. ഇത്തരം വ്യക്തി ആ സ്ഥാനത്തിരുന്നാല്‍ ഇതിനെക്കാളൊന്നും പ്രതീക്ഷിക്കേണ്ട. 

കേരള ചരിത്രത്തില്‍ ഏതെങ്കിലും ഒരു സ്പീക്കറെ ബന്ധപ്പെടുത്തി കള്ളക്കടത്ത് വാര്‍ത്തകള്‍ വന്നിട്ടുണ്ടോ?  ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിടിയിലായവരുമായുള്ള  സ്പീക്കറുടെ ബന്ധം സംശയാസ്പദമാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ രഹസ്യമൊഴി കേട്ട് ജഡ്ജി അന്തംവിട്ടെന്നാണ് പറഞ്ഞത്. ജഡ്ജി അന്തംവിട്ടെങ്കില്‍ ജനങ്ങള്‍ ബോധംകെട്ട് വീഴും. സ്വപ്‌ന സുരേഷുമായി സ്പീക്കര്‍ക്ക് എന്താണ് ബന്ധം? യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയെന്ന നിലയില്‍ അറിയാമെന്നാണ് അദ്ദേഹം പറഞ്ഞത്. സി.ദിവാകരന്റെ മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങില്‍ എന്തുകൊണ്ട് ദിവാകരന്‍ പങ്കെടുത്തില്ല? വിവാദങ്ങളുണ്ടാകുമെന്നതിനാലാണ് ദിവാകരന്‍ പങ്കെടുക്കാതിരിക്കുന്നത്. എന്നാല്‍ സ്പീക്കര്‍ ഇവരുടെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റായ നടപടിയാണ്. സ്വര്‍ണക്കള്ളക്കടത്തുകാരുമായുള്ള സ്പീക്കറുടെ സൗഹൃദം സഭയെ കളങ്കപ്പെടുത്തുന്നതാണെന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് പോലും നിഷേധിക്കാനാവില്ല. സ്പീക്കറുടെ പദവിയിലിരുന്ന് യോഗ്യതയില്ലാത്ത കാര്യങ്ങള്‍ ചെയ്തതിനാണ് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കണമെന്ന പ്രമേയം കൊണ്ടുവന്നത്''- ചെന്നിത്തല പറഞ്ഞു. 

നിയമസഭയിലെ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരില്‍ നടക്കുന്ന സാമ്പത്തിക ധൂര്‍ത്തിനെയും രമേശ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ നിര്‍മാണത്തെക്കുറിച്ചായിരുന്നു ആദ്യം സംസാരിച്ചത്. 

ലാളിത്യത്തിന്റെ പ്രതീകമായ തമ്പി സാറിന്റെ പേരില്‍ ഇത്രയും വലിയ ധൂര്‍ത്ത് കാണിക്കാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായിട്ട് എങ്ങനെ തോന്നിയെന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. '' ഹാളിന്റെ നിര്‍മാണത്തിന് 16 കോടിയെന്ന് പറഞ്ഞിട്ട് 12 കോടി ആയേ ഉള്ളൂവെന്ന് പറയുന്നു. ആദ്യം അതിന് എസ്റ്റിമേറ്റ് എടുത്തവന്റെ തല പരിശോധിക്കണം. ഈ ധൂര്‍ത്തിനോട് ശങ്കരനാരായണന്‍ തമ്പിയുടെ ആത്മാവ് പോലും പൊറുക്കില്ല. ഹാളിന്റെ നിര്‍മാണം ഊരാളുങ്കലിനെ ഏല്‍പ്പിച്ചെങ്കിലും അവര്‍ പുറത്തുകൊടുത്തു. പക്ഷേ, ഔട്ട്‌സോഴ്‌സ് ചെയ്യണമെങ്കില്‍ ടെന്‍ഡര്‍ നല്‍കണമെന്നതാണ് നിയമം. എന്നാല്‍ അതൊന്നും പാലിച്ചില്ല. ഇഎംഎസിന് സ്മാരകം പണിയുന്നതില്‍ ഞങ്ങള്‍ എതിരല്ല. സ്മാരകം. കുട്ടികളുടെ ലൈബ്രറി പൊളിച്ചിട്ട് വേണോ 82 ലക്ഷം രൂപയുടെ ഇഎംഎസ് സ്മൃതി മന്ദിരം പണിയാന്‍? 

സഭ ടിവി എന്ന ആശയത്തിന് ഞങ്ങള്‍ എതിരല്ല. എന്നാല്‍ അതിന്റെ പേരിലുള്ള ധൂര്‍ത്തിനെയാണ് എതിര്‍ക്കുന്നത്. പക്ഷേ, 60,000 രൂപ വരെ പ്രതിമാസ ശമ്പളം നല്‍കി അഞ്ച് കണ്‍സള്‍ട്ടന്റുമാരാണ് അവിടെയുള്ളത്. അവിടെ വാങ്ങിക്കുന്ന സ്പൂണിന് പോലും നിയമസഭ സെക്രട്ടേറിയേറ്റില്‍നിന്ന് പണം നല്‍കുന്നത് തരംതാണ നടപടിയാണ്.  റിസര്‍ച്ച് അസിസ്റ്റന്റുമാരെ കൂടെകൂടെ നിയമിക്കുന്നു. അവരെല്ലാം സംവിധായകന്‍ കമല്‍ പറഞ്ഞ ആള്‍ക്കാരാണ്.

നേരത്തെ എം. സ്വരാജ് സ്പീക്കര്‍ക്ക് അവാര്‍ഡ് ലഭിച്ചെന്ന് പറഞ്ഞു. എം.ഐ.ടി. ആണ് സ്പീക്കര്‍ക്ക് അവാര്‍ഡ് കൊടുത്തത്. അവര്‍ക്കാണ് ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ പേരില്‍ അഞ്ച് കോടിയുടെ കരാര്‍ നല്‍കിയത്. അഞ്ച് കോടിയുടെ കരാര്‍ നല്‍കിയാല്‍ ഇന്ത്യയിലെ ഏറ്റവും നല്ല സ്പീക്കര്‍ക്കുള്ള അവാര്‍ഡൊക്കെ ലഭിക്കുമെന്നും'' ചെന്നിത്തല പരിഹസിച്ചു.  ആ കസേരയില്‍ ഇരിക്കുമ്പോള്‍ പാര്‍ട്ടിക്കാരനാകാന്‍ പാടില്ലെന്നും സര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിച്ചെന്ന ഗുരുതര ആരോപണമാണ് സ്പീക്കര്‍ക്കെതിരേ ഉള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Content Highlights: resolution against speaker ramesh chennithala speech