പാലക്കാട്: എന്‍ജിനീയറിങ് ഗവേഷക വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി കൃഷ്ണകുമാരി (32) ആണ് പയ്യല്ലൂര്‍മുക്കിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് കൃഷ്ണ കുമാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 

കൊയമ്പത്തൂരിലെ അമൃത എന്‍ജിനീയറിങ് കോളേജില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗവേഷണം നടത്തി വരികയായിരുന്നു ഇവര്‍. ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് സഹോദരി രാധിക പറയുന്നു. ഗൈഡ് നിരന്തരം കൃഷ്ണകുമാരിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

മെറിറ്റില്‍ കിട്ടിയ സ്‌കോളര്‍ഷിപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവേഷക വിദ്യാര്‍ഥിയായി ചേര്‍ന്നത്. അഞ്ച് വര്‍ഷമായി ഇലക്ട്രോണിക് ആന്റ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഗവേഷണം നടത്തിവരികയായിരുന്നു. ഗൈഡായി ഡോക്ടര്‍ എന്‍. രാധികയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഇവര്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നുമാണ്  ബന്ധുക്കളുടെ ആരോപണം.

കോളേജില്‍ ഇക്കഴിഞ്ഞ ദിവസം വീണ്ടും എത്തിയെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് പ്രബന്ധം നിരസിക്കുകയായിരുന്നുവെന്നും ഇതില്‍ കൃഷ്ണകുമാരിക്ക് മാനസികവിഷമമുണ്ടായിരുന്നുവെന്നും സഹോദരി മാധ്യമങ്ങളോട് വെളിപ്പെടുത്തി. മാനസിക പീഡനം സഹിക്കാവുന്നതിലുമപ്പുറമായപ്പോഴാണ് ആത്മഹത്യയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

അതേസമയം, കൃഷ്ണകുമാരിയുമായി നല്ല ബന്ധമാണുണ്ടായിരുന്നതെന്നും പ്രബന്ധത്തില്‍ ചില തിരുത്തലുകള്‍ വരുത്തണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ഗൈഡ് ഡോ. എന്‍. രാധിക പ്രതികരിച്ചു. 2016ല്‍ ഗവേഷക വിദ്യാര്‍ഥിനിയായി ചേര്‍ന്ന സമയത്ത് സിന്ധു തമ്പാട്ടി എന്നൊരു വ്യക്തിയായിരുന്നു ഗൈഡ്. പിന്നീടാണ് എന്‍. രാധിക ഈ സഥാനത്തേക്ക് എത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: research student commited suicide in Palakkad