വടകര: വടകര-മാഹി കനാലില്‍ നീന്തുന്നതിനിടെ മുങ്ങിപ്പോയ മൂന്നുകുട്ടികളെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. അരയാക്കൂല്‍ത്താഴയിലെ തട്ടാറത്ത് താഴകുനി സഹീറാണ് (43) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് കോട്ടപ്പള്ളിക്കും ചേരിപ്പൊയിലിനും ഇടയിലുള്ള കായക്കൂല്‍ ഭാഗത്താണ് അപകടം. കനാലില്‍ നീന്തല്‍ പഠിക്കുകയായിരുന്ന മൂന്നുകുട്ടികള്‍ മുങ്ങിപ്പോയപ്പോള്‍ അവരെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചശേഷമാണ് സഹീറിനെ കാണാതായതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികള്‍ക്ക് പ്രശ്‌നമൊന്നുമില്ല. രണ്ടുമണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷം രാത്രി ഏഴുമണിയോടെയാണ് സഹീറിന്റെ മൃതദേഹം കിട്ടിയത്.

കനാലുമായി നല്ലപരിചയമുള്ള സഹീര്‍ നന്നായി നീന്തുന്നയാളാണ്. കുട്ടികളെ കരയ്ക്കുകയറ്റിയതിനുശേഷം കുഴഞ്ഞുപോയതാണ് അപകടകാരണമെന്നാണ് സംശയം. വടകരയില്‍നിന്നും നാദാപുരത്തുനിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കി. ഇവര്‍ക്കൊപ്പം നാട്ടുകാരും തിരച്ചിലിന് ഇറങ്ങി.

മുമ്പും ഇവിടെ ഒരാള്‍ മുങ്ങിമരിച്ചിട്ടുണ്ട്. അന്ന് രക്ഷാപ്രവര്‍ത്തനത്തിനും മൃതദേഹം കണ്ടെത്തുന്നതിനും മുന്നില്‍നിന്നയാളാണ് സഹീര്‍. പിതാവ്: ആശാരിപ്പറമ്പത്ത് അബ്ദുല്ല. മാതാവ്: അയിശ. ഭാര്യ: സുലൈഖ മക്കള്‍: അമീര്‍ സുഹൈല്‍, മുഹമ്മദ് യാസീന്‍, ലുലു മര്‍വ്വ. മരുമകന്‍: സഫീര്‍ ചാലില്‍.

തേനീച്ചക്കുത്തേറ്റ് എക്‌സൈസ് ഡ്രൈവര്‍ മരിച്ചു

ചാത്തമംഗലം: തേനീച്ചയുടെ ആക്രമണത്തിനിരയായ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തേനീച്ചക്കുത്തേറ്റ് ചികിത്സയിലായിരുന്ന ജോയന്റ് എക്‌സൈസ് കമ്മിഷണര്‍ ഓഫീസിലെ ഡ്രൈവര്‍ നെച്ചൂളി പറക്കണ്ടിയില്‍ സുധീഷ് (48) ഒടുവില്‍ മരണത്തിന് കീഴടങ്ങി.

പാടിപ്പറ്റപറമ്പിലെ പ്ലാവിനുമുകളിലെ തേനീച്ചക്കൂട്ടില്‍ പരുന്തുവന്ന് കൊത്തിയതിനെത്തുടര്‍ന്ന് വലിയ തേനീച്ചക്കൂട്ടം ഇളകിപ്പറക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. തൊട്ടടുത്ത പറമ്പില്‍ കമുകിന് വളമിടുകയായിരുന്ന രാമചന്ദ്രനെയാണ് തേനീച്ചക്കൂട്ടം ആദ്യം കുത്തിയത്.

മുണ്ടഴിച്ച് ശരീരംമൂടി വീട്ടിലേക്കോടിയ ഇദ്ദേഹം സഹായത്തിനായി സുധീഷിനെ വിളിക്കുകയായിരുന്നു. വരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന സുധീഷ് ചൂട്ടുകത്തിച്ച് തേനീച്ചയെ അകറ്റാനായി ഓടിയെത്തി. പക്ഷേ, തേനീച്ചക്കൂട്ടം സുധീഷിനെ വളഞ്ഞിട്ടുകുത്തി.

ദേഹമാസകലം കുത്തേറ്റ സുധീഷ് വീട്ടിലേക്കോടി കൃഷിക്കായി തയ്യാറാക്കിയ ടാങ്കിലെ വെള്ളത്തില്‍ ഇറങ്ങിക്കിടന്നു. തേനീച്ചകള്‍ വിടാതെ പിന്തുടര്‍ന്നതോടെ വീട്ടിനകത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുറ്റത്ത് കുഴഞ്ഞുവീണു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സുധീഷിനെയും രാമചന്ദ്രനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവരെ കൊണ്ടുപോകുന്ന വാഹനത്തെപ്പോലും തേനീച്ചക്കൂട്ടം പിന്തുടര്‍ന്നിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന സുധീഷ് വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് മരിച്ചത്.

നെച്ചൂളി പരേതരായ എടാരത്ത് ശേഖരന്‍ നായരുടെയും കാവില്‍ പത്മാവതി അമ്മയുടെയും മകനാണ്. ഭാര്യ: രജിത. മകള്‍: ആര്യ. സഹോദരങ്ങള്‍: പ്രഭാവതി, സുജാത (റിട്ട. അധ്യാപിക, ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).