റിപ്പബ്ലിക് ദിന പരേഡിലെ കേരളത്തിന്റെ നിശ്ചലദൃശ്യം മാധ്യമങ്ങൾക്കുമുമ്പിൽ അവതരിപ്പിച്ചപ്പോൾ |ഫോട്ടോ: സാബു സ്കറിയ
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ സ്ത്രീശക്തിയും നാടന്‍കലാ പാരമ്പര്യവും അണിനിരക്കുന്ന പ്ലോട്ടുമായി കേരളം. വനിതകള്‍മാത്രമുള്ള 24 അംഗ സംഘമാണ് കേരളത്തെ പ്രതിനിധാനംചെയ്ത് കലാവതരണം നടത്തുക. കേരളത്തില്‍നിന്ന് ആദ്യമായി ഇത്തവണ ഗോത്രനൃത്തവുമുണ്ട്. കളരിപ്പയറ്റ്, ശിങ്കാരിമേളം എന്നിവയും അണിനിരക്കും. സാക്ഷരതാ മിഷനെയും കുടുംബശ്രീ പദ്ധതിയെയും നിശ്ചലദൃശ്യത്തില്‍ ഉയര്‍ത്തിക്കാട്ടും.
ബേപ്പൂര്‍ ഉരുവിന്റെ മാതൃകയിലാണ് പ്ലോട്ട് തയ്യാറാക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ മാതൃകയുമുണ്ട്. 96-ാം വയസ്സില്‍ സാക്ഷരതാ പരീക്ഷ ജയിച്ച് 2020-ലെ നാരീശക്തി പുരസ്കാരത്തിനര്‍ഹയായ ചേപ്പാട് സ്വദേശി കാര്‍ത്യായനി അമ്മയുടെ പ്രതിമയാണ് നിശ്ചലദൃശ്യത്തില്‍ മുന്നിലുള്ളത്.
ദേശീയ ചലച്ചിത്ര പുരസ്കാരജേതാവ് നഞ്ചിയമ്മയുടെ നേതൃത്വത്തിലുള്ള അട്ടപ്പാടിയിലെ ഗോത്രകലാമണ്ഡലത്തിലെ കലാകാരികളാണ് ഇരുളനൃത്തം അവതരിപ്പിക്കുക. ഡല്‍ഹി നിത്യചൈതന്യ കളരിസംഘത്തിലെ ബി.എന്‍. ശുഭയും മകള്‍ ദിവ്യശ്രീയും കളരിപ്പയറ്റ് അവതരിപ്പിക്കും. കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ കുടുംബശ്രീയുടെ സപ്തവര്‍ണ സംഘമാണ് ശിങ്കാരിമേളക്കാര്‍.
കഴിഞ്ഞവര്‍ഷം പരേഡില്‍ കേരളത്തിന്റെ ദൃശ്യത്തിന് അംഗീകാരം ലഭിച്ചിരുന്നില്ല. 2013-ല്‍ കേരളത്തിന് സ്വര്‍ണമെഡല്‍ ലഭിച്ചിരുന്നു.
ഡല്‍ഹിയിലെ കേരളസര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസാണ് ടീം ലീഡര്‍. ഡല്‍ഹി കേന്ദ്രമായ റോയ് ജോസഫാണ് രൂപകല്പന നിര്‍വഹിച്ചത്. സംഗീതം നഞ്ചിയമ്മ. എസ്. പളനിസ്വാമി (ഗോത്രനൃത്തം), കലാമണ്ഡലം അഭിഷേക് (ശിങ്കാരിമേളം) എന്നിവരാണ് കൊറിയോഗ്രാഫി.
Content Highlights: Republic day parade kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..