Screengrab: Mathrubhumi News
കാസര്‍കോട്: റിപ്പബ്ലിക് ദിനാഘോഷത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ പോലീസ് മേധാവി ഐ.ജിക്കും എ.ഡി.എം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കൈമാറി.
സംഭവത്തില്‍ എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്.ഐ നാരായണന്‍, സിവില്‍ പോലീസ് ഓഫീസര്‍ ബിജുമോന്‍ എന്നിവര്‍ക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്നാണ് കണ്ടെത്തല്‍. എ.ഡി.എമ്മിന്റെയും ജില്ലാ പോലീസ് മേധാവിയുടെയും റിപ്പോര്‍ട്ടില്‍ സമാനമായ കണ്ടെത്തലാണുള്ളത്.
ഐ.ജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കുറ്റക്കാര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും പരാമര്‍ശമുള്ളതായാണ് വിവരം. വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത്. തെറ്റായ രീതിയില്‍ പതാക ഉയര്‍ത്തിയശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു. പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയര്‍ത്തിയതിലെ വീഴ്ച അധികൃതര്‍ക്ക് ബോധ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്.
content highlights: republic day flag hoisting controversy, enquiry report submitted
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..