തിരുവനന്തപുരം:  മന്ത്രിസഭാ പുനഃസംഘടന അടുത്തയാഴ്ച തന്നെ. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി ഇ.പി ജയരാജനെ തിരികെ മന്ത്രിസഭയില്‍ എടുക്കാനും പാര്‍ട്ടി മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്താനും തീരുമാനിച്ചു. എല്‍ ഡി എഫിന്റെ സംസ്ഥാന കമ്മറ്റി 13-ാം തിയതി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ സിപിഎമ്മിന്റെ ആവശ്യം അവതരിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

19 അംഗ മന്ത്രിസഭ ഇരുപതംഗ മന്ത്രിസഭയായി വിപലീകരിക്കണമെന്നാണ് സി പി എമ്മിന്റെ നിര്‍ദേശം. വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകളാണ് ഇ.പി ജയരാജന് നല്‍കുക.

e p jayarajan
Photo: S sreekesh

സത്യപ്രതിജ്ഞയുടെ തിയതി മുഖ്യമന്ത്രിയും ഗവര്‍ണറും ചര്‍ച്ച ചെയ്തു തീരുമാനിക്കും. ഓഗസ്റ്റ് 14 നാകും സത്യപ്രതിജ്ഞയെന്നാണ് സൂചന. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടാണ് ജയരാജന്‍ രാജിവച്ചത്. നിലവില്‍ ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്  എസി മൊയ്തീനാണ്. മറ്റ് സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. എ.സി മൊയ്തീന് തദ്ദേശ ഭരണവകുപ്പ്, (പഞ്ചായത്ത്-മുനിസിപ്പാലിറ്റി. കോര്‍പറേഷന്‍, റൂറല്‍ ഡെവലപ്മെന്റ്, ടൗണ്‍ പ്ലാനിങ്, റീജിയണല്‍ ഡെവലപ്മെന്റ് അതോറിറ്റി, കില) എന്നിവയുടെ ചുമതലയായിരിക്കും ലഭിക്കുക.

കെ ടി ജലീലിനാണ് ഇപ്പോള്‍ ഈ വകുപ്പിന്റെ ചുമതലയുള്ളത്. മന്ത്രിസഭയില്‍ സിപിഎമ്മിന് 12 അംഗങ്ങളാണുള്ളത്. ഇവരില്‍ എല്ലാവരുടെയും വകുപ്പില്‍ മാറ്റം വരുത്തണമെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശമെന്നും എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

മറ്റൊരു പ്രധാനമാറ്റം വിദ്യാഭ്യാസ വകുപ്പിലാണ്. നിലവിലെ വിദ്യാഭ്യാസ വകുപ്പിനെ രണ്ടായി വിഭജിക്കും. ഇത്തരത്തില്‍ പുതുതായി രൂപവത്കരിക്കുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല കെ ടി ജലീലിനായിരിക്കും. ന്യൂനപക്ഷ ക്ഷേമത്തിന്റെ ചുമതലയും ജലീലിനു തന്നെയാണ്. ന്യൂനപക്ഷ ക്ഷേമം, വഖഫ് ആന്‍ഡ് ഹജ് പില്‍ഗ്രിമേജ് എന്നിവ ജലീലിനു തന്നെ ലഭിക്കും. 

കോളേജിയേറ്റ് എജ്യുക്കേഷന്‍, ടെക്നിക്കല്‍ എജ്യുക്കേഷന്‍, അഗ്രിക്കള്‍ച്ചര്‍, വെറ്റിനറി, മെഡിക്കല്‍, ഫിഷറീസ് എന്നിവ ഒഴികെയുള്ള സര്‍വകലാശാലകളുടെ ചുമതലയും ജലീലിനു നല്‍കാന്‍ സി പി എം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content highlights: Reorganization in Ministry E P jayarajan will be inducted