തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്നതിന് അനുസരിച്ച് മാത്രമേ സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ സാധിക്കൂവെന്ന് മന്ത്രി സജി ചെറിയാന്‍. നിലവില്‍ സിനിമകള്‍ക്ക് വിനോദ നികുതി ഒഴിവാക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഒ.ടി.ടി. പ്ലാറ്റ്‌ഫോം വഴി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 

കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഏറ്റവും ഒടുവിലാണ് സിനിമ തിയേറ്ററുകള്‍ തുറന്നത്. രണ്ടാം തരംഗത്തില്‍ വീണ്ടുമടച്ച തിയേറ്ററുകള്‍ 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ റിലീസോടെ തുറക്കാനാകുമെന്നാണ് സിനിമാമേഖലയുടെ പ്രതീക്ഷ. ഓഗസ്റ്റ് 12-ന് ചിത്രത്തിന്റെ റിലീസ് തിയതിയും മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പ്രഖ്യാപിച്ചു. 

എന്നാല്‍, കോവിഡ് 19 നിരക്ക് പൂര്‍ണമായി ആശ്വസിക്കാന്‍ കഴിയുന്ന തരത്തിലല്ലെന്നും നിരക്ക് കുറയുന്നതിന് അനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നുമാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിനോദനികുതി ഒഴിവാക്കണമെന്ന സിനിമാസംഘടനകളുടെ ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ പ്രയോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ സിനിമ റിലീസ് ചെയ്ത് കലാകാരന്മാര്‍ക്ക് ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: Reopening of Cinema Theatre; Minister Saji Cheriyan reacts