കണ്ണൂർ: കണ്ണൂർ നാലുവയലിൽ പനിബാധിച്ച പെൺകുട്ടി മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കലശലായ പനി ഉണ്ടായിരുന്നു. എന്നാൽ അസുഖത്തിന് ശരിയായ രീതിയിലുള്ള ചികിത്സ വീട്ടുകാർ നൽകിയിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. 

ഇന്ന് പുലർച്ചെ മൂന്ന് മണിയോട് കൂടിയാണ് ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്ന് ആശുപത്രി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. ശാസ്ത്രീയമായ വൈദ്യ സഹായം നൽകാൻ താൽപ്പര്യമില്ലാത്ത കുടുംബമാണ് ഫാത്തിമയുടേത് എന്നാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സ നൽകേണ്ടതില്ല, പകരം മതപരമായ ചികിത്സകൾ നൽകിയാൽ മതി എന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേത്. അങ്ങനെയാണ് മരണം സംഭവിച്ചത് എന്ന ആരോപണമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മതിയായ ചികിത്സ നൽകാതെ മതപരമായ ചികിത്സയാണ് നൽകിയത് എന്ന് പരിസരവാസികളും പറയുന്നു. 

ഫാത്തിമയുടെ കുടുംബത്തിൽ നേരത്തെയും ഇത്തരത്തിൽ ഒരു ബന്ധു ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരണപ്പെട്ടത് നാട്ടുകാർ ചൂണ്ടിക്കാട്ടുകയും ചെയ്തു.

Content Highlights: Religious treatment - Girl dies during fever