തിരുവനന്തപുരം: സിനിമ തിയേറ്ററുകളുടെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വിനോദ നികുതി ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പ്രകടിപ്പിച്ച് സിനിമാ ലോകം. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ടോവിനോ തോമസ്, മഞ്ജു വാര്യര്‍, റിമ കല്ലങ്കല്‍, ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, സംവിധായകരായ രഞ്ജിത്ത്, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി.
മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹാദരങ്ങളെന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. പ്രതിസന്ധിയില്‍ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന മുഖ്യമന്ത്രിപിണറായി വിജയന് സ്‌നേഹാദങ്ങളെന്ന് മമ്മൂട്ടി കുറിച്ചു. ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങള്‍ കൈകൊണ്ട സംസ്ഥാന സര്‍ക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിന്റെയും ചലച്ചിത്ര മേഖലയുടെയും നന്ദി അറിയിക്കുന്നുവെന്ന് ദിലീപ് പറഞ്ഞു.
വീണ്ടും ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണെന്ന് -സംവിധായകന്‍ രഞജിത്ത് പറഞ്ഞു. സിനിമാലോകം ഒന്നടങ്കം മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും അങ്ങേക്കൊപ്പം ഞങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിനോദനികുതി മാര്‍ച്ച് 31 വരെ ഒഴിവാക്കുകയും തീയേറ്ററുകളുടെ വൈദ്യുതിനിരക്കിലെ ഫിക്‌സഡ് ചാര്‍ജ്ജ് പകുതിയാക്കി കുറക്കുകയും മറ്റ് ഇളവുകള്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്, മലയാള സിനിമക്ക് പുതുജീവന്‍ നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യങ്ങളെന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണനും പറഞ്ഞു. വിനോദനികുതിയിലെ ഇളവുള്‍പ്പെടെ സിനിമാ മേഖലയ്ക്ക് ശക്തി പകരുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ട സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദിയെന്ന് മഞ്ജു വാര്യര്‍ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കന്‍ തീരുമാനിച്ചത്. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയേറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം.
പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയര്‍ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.
Content Highlights: Relief for the film industry: Malayalam film artists thanks to Pinarayi Vijayan