കളക്ടർ പത്രസമ്മേളനത്തിൽ സംസാരിക്കുന്നു
കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് കളക്ടര്‍. അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവരുന്ന പരിഷ്കാരങ്ങള്‍ ജനങ്ങളുടെ ഭാവിയെക്കരുതിയാണെന്നും ഭരണകൂടത്തിനെതിരേ വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്നും കളക്ടര്‍ അസ്കര്‍ അലി കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അഡ്മിനിസ്ടേറ്റർ കൊണ്ടുവന്ന എല്ലാ പുതിയ നടപടികളെയും കളക്ടർ ന്യായീകരിച്ചു.
ദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികളാണ് ദ്വീപില്‍ സ്വീകരിക്കുന്നത്. മംഗലാപുരം തുറമുഖവുമായുള്ള ബന്ധം ദ്വീപിന് ഏറെ ഗുണകരമാകും. കവരത്തിയില്‍ പുതിയ ആധുനിക സ്കൂള്‍ സ്ഥാപിക്കും. ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ദ്വീപിലെ ടൂറിസം വികസിപ്പിക്കുകയും വിനോദസഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുകയുമാണ് പുതിയ നടപടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ടൂറിസം മെച്ചപ്പെടുത്തുന്നതിനുവേണ്ടി മാത്രമാണ് മദ്യം വില്‍ക്കാനുള്ള തീരുമാനം.
ഏതാനും ദിവസം മുന്‍പ് 3000 കോടി രൂപയുടെ 300 കെയ്സ് ഹെറോയിന്‍, എകെ 47 തോക്കുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. കൂടാതെ മരിജുവാന, മദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളും പോക്സോ കേസുകളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ പശ്ചാത്തലത്തിലാണ് കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ ദ്വീപില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. നിക്ഷിപ്ത താല്പര്യം ഉള്ളവരെയാണ് പുതിയ പരിഷ്കാരം പ്രകോപിപ്പിക്കുന്നത്. അഡ്മിനിസ്ട്രേഷന് എതിരായി പ്രതിഷേധം നടത്തുന്നത് അത്തരക്കാരാണ്.
കോവിഡ് പ്രതിരോധിക്കാന്‍ കര്‍ശന നടപടികളാണ് ദ്വീപില്‍ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വിമാനം, വാഹന ഗതാഗതം അടക്കമുള്ളവ നിര്‍ത്തലാക്കിയിരുന്നു. പിന്നീട് ദ്വീപിലെ ജനങ്ങളുടെ ജീവിത ആവശ്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഇളവുകള്‍ വരുത്തിയത്. കോവിഡ് പരിശോധനകള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ആറ് ദ്വീപുകളിലായുള്ള 18 വയസ്സിനു മുകളിലുള്ള മിക്കവാറും എല്ലാവര്ക്കും വാക്സിന് വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
രണ്ടില്‍ക്കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്ന ചട്ടം ഇപ്പോള്‍ നടപ്പാക്കില്ല. ഈ നിയമം നിലവില്‍ വന്നു കഴിഞ്ഞ് രണ്ടിലധികം കുട്ടികളുടെ മാതാപിതാക്കളാകുന്നവര്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. നിലവില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് തുടര്‍ന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവും. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ ഇത് നടപ്പിലാക്കൂ. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചുകളഞ്ഞെതെന്നും കളക്ടർ പറഞ്ഞു.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഉണ്ട്. പോക്സോ കേസുകള്‍ വര്‍ധിക്കുന്നു. ദ്വീപ് നിവാസികള്‍ മയക്കുമരുന്ന് കടത്തില്‍ ഏര്‍പ്പെടുന്നുണ്ട്. നിയമപാലനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ശന നിയമം നടപ്പിലാക്കുന്നത്. ഇപ്പോള്‍ കുറച്ച് കേസുകള്‍ മാത്രമേ ഉള്ളൂ. കേസുകളുടെ എണ്ണമല്ല കാര്യം. യുവാക്കള്‍ക്കിടയില്‍ അരക്ഷിതത്വം വളര്‍ന്നുവരുന്നുണ്ട്. നിരവധി യുവാക്കള്‍ സാമൂഹ്യവിരുദ്ധ പ്രവൃത്തികളില്‍ പങ്കാളികളാകുന്നുണ്ട്. ഇത് വ്യാപകമാകാതിരിക്കാനാണ് നിയമം കൊണ്ടുവരുന്നത്. ഭാവിയെ കരുതിയാണ് പുതിയ നിയമം.
സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത് നിരവധി ആലോചനകള്‍ക്കു ശേഷമാണ്. കുട്ടികളുടെ ഭക്ഷണത്തില്‍ മുട്ടയും മത്സ്യവും അടക്കമുള്ളവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുക എന്ന ലക്ഷ്യം മാത്രമാണിതിന് പിന്നിലുള്ളത്. എന്നാല്‍, മാംസം ദ്വീപിന് പുറത്തുനിന്ന് കൊണ്ടുവരേണ്ടതുണ്ട്. അത് പ്രയാസകരമായ കാര്യമായതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മത്സ്യം കൂടുതല്‍ ഉപയോഗിച്ച് പ്രാദേശിക മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണിത്. കോവിഡ് സാഹചര്യത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ബീഫ് നിരോധിച്ചത് ലഭ്യതക്കുറവു മൂലമാണെന്നും കളക്ടർ പറഞ്ഞു.
ജീവനക്കാരുടെ നിയമനം സുതാര്യമാക്കുന്നതിനാണ് നിയമനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ പുതിയ നയം സ്വീകരിക്കുന്നത്. ടൂറിസം വകുപ്പില്‍ 193 ജീവനക്കാരാണ് ഡിസംബറില്‍ ഉണ്ടായിരുന്നത്. ഇവര്‍ അഡീഷണല്‍ ജീവനക്കാര്‍ മാത്രമായിരുന്നു. താല്‍ക്കാലിക ജീവനക്കാര്‍ പോലും ആയിരുന്നില്ല. വിനോദസഞ്ചാര മേഖല താഴേക്കുപോയപ്പോള് അവരെ പിരിച്ചുവിടുകയായിരുന്നു. ഇത് എല്ലാ വര്‍ഷവും സംഭവിക്കുന്നതാണ്.
ജനങ്ങളുടെ താല്പര്യവും ദ്വീപിന്റെ നന്മയും ലക്ഷ്യെവച്ചാണ് ലക്ഷദ്വീപ് ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളാണ്. നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്യുന്നവരും നിക്ഷിപ്ത താല്പര്യക്കാരുമാണ് പുതിയ നടപടികളെ എതിര്‍ക്കുന്നത്. ഇപ്പോള്‍ നടക്കുന്ന കാമ്പയിനുകളെല്ലാം തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
Content Highlights: Reforms in Lakshadweep for the good of the people, fake propaganda going on- Collector
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..