തൃശൂര്‍:  ക്രൂഡ് ഓയില്‍ വില കുറയുന്നതിനനുസരിച്ച് ഇന്ധനവില കുറയ്ക്കുമ്പോള്‍ ഇന്ധന ഉപഭോഗം കൂടുകയും ഡോളറിന് ലാഭവും രൂപയ്ക്ക് നഷ്ടവും ഉണ്ടാകുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഇത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. പ്രത്യേകിച്ച് കൊറോണ ഭീതി മൂലം രൂപയുടെ മൂല്യം കുറയുന്ന ഈ കാലഘട്ടത്തില്‍ ഇത് ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുപിഎ ഭരിക്കുന്ന കാലത്ത് നിലവിലുണ്ടായിരുന്ന ഇന്ധനവില തന്നെയാണ് ഇപ്പോഴും ഉപഭോക്താവ് കൊടുക്കുന്നത്. സര്‍ക്കാരിനെ പാപ്പരാക്കി ഇന്ത്യയില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്ധനവിലയുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നതെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിച്ചതുവഴി ഏകദേശം 14,5000 കോടി രൂപ സര്‍ക്കാരിന് അധിക ചിലവ് വരും. ക്രൂഡ് ഓയില്‍ വില കുറഞ്ഞത് അനുസരിച്ച് ലോകരാജ്യങ്ങള്‍ ഒന്നും വില കുറച്ചിട്ടില്ല. ഇന്ധനവില കൂട്ടിയിട്ടില്ല മോദി സര്‍ക്കാര്‍ മറിച്ച് എക്‌സൈസ് തീരുവ ഖജനാവില്‍ കരുതല്‍ നിക്ഷേപമായി ശേഖരിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമായി വിനിയോഗിക്കുകയാണ് ചെയ്യുന്നത്.

യുപിഎ ഭരണകാലത്തുണ്ടാക്കിയ കടപ്പത്ര കടബാധ്യതയെ കുറിച്ച് അറിയാതെ പോകരുത്. ഇന്ധന മേഖലയിലെ സബ്‌സിഡിക്കുവേണ്ടി രണ്ട് ലക്ഷം രൂപയുടെ ഓയില്‍ ബോണ്ട് കടപത്രം ഇറക്കി കടബാധ്യത ഉണ്ടാക്കിവെച്ചത് യുപിഎ സര്‍ക്കാരാണ്. കടപ്പത്ര കടബാധ്യതയായി 1.44 കോടി രൂപയും പലിശയായി 77000 കോടി രൂപയും അടക്കം രണ്ട് ലക്ഷം കോടി രൂപയുടെ കടബാധ്യത അടച്ച് വീട്ടിയത് മോദി സര്‍ക്കാരാണ്. 

ഇന്ധന എക്‌സൈസ് തീരുവയില്‍ നിന്നാണ് ഈ തുക തിരിച്ചടച്ചത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കിവെച്ച കടം തിരിച്ചടച്ച മോദി സര്‍ക്കാരിനെ വിമര്‍ശകര്‍ കാണാതെ പോകുന്ന കഷ്ടമാണ്. ക്രൂഡ് ഓയിലിന് വില കുറയുമ്പോള്‍ മാത്രമാണ് തീരുവ വര്‍ധിപ്പിക്കാന്‍ കഴിയുക. ഇത് ഉപഭോക്താക്കള്‍ക്ക് വീതിച്ചു കൊടുത്താല്‍ ഇന്ധനത്തിന്റെ ഉപയോഗം കൂടുമെന്നല്ലാതെ അത് കമ്പോളത്തില്‍ പ്രതിഫലിക്കാനും ഇടയില്ലെന്നും അദ്ദേഹം പറയുന്നു.

Content Highlights: The tariffs can only be increased when crude oil is low