തീയില്‍ വെന്തെരിഞ്ഞ കുഞ്ഞുകുരുവികള്‍, കരിഞ്ഞ കിളിക്കൂട്, കുഞ്ഞുജഡങ്ങള്‍ക്കും കിളിക്കൂടിനും കൂട്ടിരുന്ന് രണ്ട് കുങ്കുമക്കുരുവികള്‍.. ഓസ്‌ട്രേലിയന്‍ കാടിന് തീപിടിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളല്ല ഈ കാണുന്നത്. ഇത് നമ്മുടെ കേരളമാണ്, ഭാരതപ്പുഴയുടെ മാറിലെ മായന്നൂര്‍ പാലത്തിന് ചുവടെയാണ് കണ്ണില്ലാത്ത ഈ ക്രൂരത അരങ്ങേറിയിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍മാരായ ഷോബിയും ശ്രീജിത്ത് കുട്ടനുമാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പക്ഷികളുടെ ചിത്രം പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഈ സ്ഥലത്തേക്ക് വരുന്നത് തടയാനായി കുറച്ച് സാമൂഹ്യവിരുദ്ധരാവാം ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് ഷോബി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഷോബിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ഞങ്ങളും ഈ ഭൂമിയുടെ അവകാശികളാണ്.
ഭാരത പുഴയുടെ മാറില്‍ മായന്നൂര്‍ പാലത്തിന് ചുവടെയാണ് ഈ ക്രൂരത നടന്നത്.ദേശാടന പക്ഷികളില്‍ ഏറ്റവും ഭംഗിയുള്ള ഈ ചെറുപക്ഷികളുടെ കൂടുകളാണ് തീയിട്ട് നശിപ്പിച്ച നിലയില്‍ കണ്ടത്. ആപ്രദേശത്ത് മദ്യപിക്കാന്‍ വരുന്ന ആളുകള്‍ കൂടുതലാണ്. ഫോട്ടോഗ്രാഫര്‍മാര്‍ ആ സ്ഥലത്തേക്ക് വരുന്നതിന്റെ ദേഷ്യം തീര്‍ത്തതാണ്. രാവിലെ പക്ഷിനിരീക്ഷണത്തിന് ചെന്ന ഞങ്ങള്‍ ആ കാഴ്ച്ച കണ്ട് മരവിച്ചു പോയി. അങ്ങേയറ്റം സങ്കടതോടെയാണ് ഈ ചിത്രങ്ങള്‍ ഞങ്ങള്‍ പകര്‍ത്തിയത്. പറക്കമറ്റ ബാല്യം ചുട്ടെരിച്ചപ്പോള്‍ എന്ത് നേടി മനുഷ്യാ നീ.
ഈ കുരുവികള്‍ സങ്കടം പറയും പോലെ അടുത്ത് വന്ന് കരയുന്നത് ഞങ്ങളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. കുറച്ച് നേരം ആ കാഴ്ച്ച നോക്കി നിന്നപോഴേക്കും കണ്ണു നിറഞ്ഞു. പിന്നെ അധികനേരം ആ കാഴ്ച്ച കാണാന്‍ കണ്ണുനീര്‍ സമ്മതിച്ചില്ല ഞങ്ങള്‍ തിരിച്ച് പോന്നു.
Content Highlights: Red sparrows and its nest burnt alive near Mayannur Bridge