തിരുവനന്തപുരം: കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇന്നും(ചൊവ്വാഴ്ച) മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍  20 സെന്റിമീറ്ററിലധികം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.

ന്യൂനമര്‍ദം ശക്തിപ്രാപിച്ച് പശ്ചിമ ബംഗാള്‍ -ഒഡീഷാ തീരത്തേക്ക് അടുത്തിട്ടുണ്ട്. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പതിനേഴിനു ശേഷം മഴ കുറയാനാണ് സാധ്യത.

റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര (Extremely Heavy 24 മണിക്കൂറില്‍ 204 mm ല്‍ കൂടുതല്‍ മഴ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.

ആഗസ്റ്റ് 13ന് കൊല്ലം ,പത്തനംതിട്ട, കോട്ടയം,തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും ആഗസ്റ്റ് 14ന് ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ആഗസ്റ്റ് 13ന് കാസര്‍ഗോഡ് ജില്ലയിലും ആഗസ്റ്റ് 14ന് എറണാകുളം ജില്ലയിലും ആഗസ്റ്റ് 15ന് മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 16ന് ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം yellow alert (മഞ്ഞ അലര്‍ട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്. 

content highlights: red alert declared on idukki, alappuzha and ernakulam districts