സെക്രട്ടേറിയറ്റിന് മുന്നിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിനിടെ സമരത്തെ അഭിസംബോധന ചെയ്ത ഉദ്യോഗാർഥി ലയാ രാജേഷും സുഹൃത്ത് ഡെൻസി റിത്തുവും മാറിനിന്ന് പൊട്ടിക്കരയുന്നു
''സാമൂഹികമാധ്യമങ്ങളില്‍ മറഞ്ഞിരുന്ന് ആക്രമിക്കുന്നത് മുഖമില്ലാത്തവരാണ്. ഞാനൊരു സാധാരണ വീട്ടമ്മ മാത്രമാണ്. എന്നെ ക്രൂരമായി ആക്രമിക്കുന്നവര്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വരൂ. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിനല്കാം. റാങ്ക് ഹോള്‍ഡേഴ്സ് സമരത്തില്‍ പങ്കെടുക്കാനാണ് ഞങ്ങള്‍ വന്നത്.
സൈബര്‍ സെല്ലില്‍ പരാതി നല്കിയാലും ഒന്നും നടക്കില്ല. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ള എല്ലാവര്ക്കും ജോലി ലഭിക്കുംവരെ സമരപ്പന്തലിലുണ്ടാകും. എന്നെ അറിയുന്നവര്‍ പിന്തുണ നല്‍കുന്നുണ്ട്, വീട്ടുകാരും, അതുമതി'' -സെക്രട്ടേറിയറ്റ് സമരത്തിനിടെ ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയതു കണ്ട് കരഞ്ഞതിന് സൈബര്‍ ആക്രമണത്തിനിരയായ തൃശ്ശൂര്‍ സ്വദേശി ലയാ രാജേഷ് 'മാതൃഭൂമി'യോട് പറഞ്ഞു.
എനിക്ക് ഇഷ്ടമുള്ള ആളുകളെയാണ് ഫെയ്സ്ബുക്കില്‍ ഫോളോ ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും. സോണിയാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും കാര്യങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ സി.ഡി.എസ്. അംഗമായ ഞാന്‍ ഇന്ദിരാഗാന്ധിയെ അത്രയേറെ ഇഷ്ടപ്പെടുന്നു. ആരെയും പേടിച്ച് ഓടാനോ, പിന്മാറാനോ തയ്യാറല്ല.
ആദ്യം ടെന്‍ഷന്‍, ഫെയ്സ്ബുക്ക് ലോക്ക് ചെയ്തു...
ഫെയ്സ്ബുക്കില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം അറിയില്ലായിരുന്നു. 2016-ലെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്. എനിക്കും വീട്ടുകാര്‍ക്കും ഇതിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. ബെംഗളൂരുവില്‍ ജോലിചെയ്യുന്ന അനിയന് മടങ്ങിക്കോ, എന്നുപറഞ്ഞ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാല്‍, ഭര്‍ത്താവ് രാജേഷ്, സമരത്തിനൊരു തീരുമാനമായിട്ട് വന്നാല്‍ മതിയെന്നു പറഞ്ഞ് പിന്തുണനല്‍കി. ഫെയ്സ്ബുക്ക് ലോക്ക് ചെയ്യാന്‍ തൃശ്ശൂരില്‍ നിന്നുള്ള കുട്ടികളാണ് വിളിച്ചുപറഞ്ഞത്.
തൃശ്ശൂര്‍ ജില്ലയിലെ റാങ്ക് പട്ടികയില്‍ 583-ാം റാങ്കാണ് എനിക്കുള്ളത്. പരീക്ഷയെഴുതി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കേ, പട്ടിക റദ്ദാകുമ്പോഴുള്ള വേദന മനസ്സിലാകൂ.
പഠിച്ചു റാങ്ക്പട്ടികയില്‍ കയറിയതാണോ തെറ്റ്...
പഠിച്ച് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നത് മാത്രമാണ് ഞങ്ങള്‍ ചെയ്ത തെറ്റ്. റാങ്ക് പട്ടികയില്‍ വന്നു എന്നതുകൊണ്ട് ജീവിതംവരെ കളയേണ്ട അവസ്ഥയാണ്. മരിക്കാന്വേണ്ടി മണ്ണെണ്ണ ഒഴിക്കേണ്ട അവസ്ഥ വന്നില്ലേ, അതൊക്കെ ഓര്‍ത്താണ് കരഞ്ഞത്. തൃശ്ശൂരില്‍നിന്നു വന്ന കൂട്ടുകാരി ഡെന്‍സി റിത്തു ഓടിവന്നു കെട്ടിപ്പിടിച്ചു കരഞ്ഞു. മാധ്യമങ്ങള്‍ വന്നത് ഞാന്‍ അറിഞ്ഞില്ല. ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് ശേഷമാണ് കാണുന്നത്. ഉദ്യോഗാര്‍ഥികളുടെ കാര്യങ്ങള്‍ ചെയ്തുതന്നാല്‍ ഇതേ സമരപ്പന്തലില്‍ സര്‍ക്കാരിന് അഭിവാദ്യം പ്രകടിപ്പിച്ചേ ഞങ്ങള്‍ മടങ്ങൂ. സര്‍ക്കാര്‍ പ്രതിനിധിയും ഞങ്ങളുടെ പ്രതിനിധിയും തുറന്നവേദിയില്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാണ്.
സമരത്തില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നിന്നുള്ളവരും
സമരം കേരളം മുഴുവന്‍ ചര്‍ച്ചയായപ്പോള്‍ അതിനെ മറ്റൊരു രീതിയിലാക്കി ഇല്ലാതാക്കാനാണ് സാമൂഹിക മാധ്യമങ്ങളുടെ ശ്രമം. വീടിന് അടുത്തുള്ള സി.പി.എം. പ്രവര്‍ത്തകര്‍ ആരും എനിക്കെതിരേ ഒരു കമന്റും ഇട്ടിട്ടില്ല. അതില്‍പ്പരം മാനസികപിന്തുണ വേറെന്തു ലഭിക്കാനാണ്. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ള പട്ടികയാണിത്.
സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരത്തില്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്മടത്തുനിന്നുള്ളവര്വരെ പങ്കെടുക്കുന്നുണ്ടെന്നും എല്ലാവരും മനസ്സിലാക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..