ന്യൂഡല്‍ഹി: നവകേരള നിര്‍മാണത്തിന് കെ.പി.എം.ജി.യുടെ ഉപദേശം സ്വീകരിക്കുന്നതിനെതിരെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷനും ഇടത് സാമ്പത്തിക വിദഗ്ദ്ധനുമായ പ്രഭാത്‌ പട്‌നായിക്. വിദേശത്ത് നിന്നുള്ള ഉപദേശം സ്വീകരിക്കുന്നത് കേരള മോഡലിന് എതിരാണ്. കേരളത്തിന് വിദേശ ഏജന്‍സികളുടെ സഹായം വേണ്ട. വിദേശത്തുള്ളവര്‍ അനുകരിക്കുന്ന ഒരു മോഡല്‍ കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുനര്‍ നിര്‍മാണത്തിനുള്ള പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തണം. അല്ലെങ്കില്‍ ആസൂത്രണ ബോര്‍ഡ് അംഗങ്ങളും വിദഗ്ദ്ധരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉള്‍പ്പെട്ട പ്രത്യേക സമിതി രൂപീകരിക്കണമെന്നും പ്രഭാത് പട്‌നായിക് അഭിപ്രായപ്പെട്ടു. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സംസ്ഥാനത്ത് ശക്തമായി നിലനില്‍ക്കുന്ന പഞ്ചായത്തീരാജ് സംവിധാനം ഉപയോഗിച്ചാണ് കേരളത്തെ പുനര്‍നിര്‍മ്മിക്കേണ്ടത്. കേരള മോഡല്‍ ഇടതുപക്ഷത്തിന്റെ സംഭാവനയാണ്‌. ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകണം. ആസൂത്രണ വ്യവസ്ഥയെ കേന്ദ്ര സര്‍ക്കാര്‍ നശിപ്പിക്കുകയാണ്. കേരളത്തിന് സ്വന്തം സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും അവയെ ലോകത്തിന് മുന്നില്‍ കാണിക്കാനും ഉചിതമായ സന്ദര്‍ഭമാണിതെന്നും പ്രഭാത് പട്‌നായിക് പറഞ്ഞു.