'കേരളത്തെ ഞെരിക്കുന്നു'; സാമ്പത്തിക പ്രയാസത്തിനു കാരണം കേന്ദ്രത്തിന്റെ നയംമാറ്റമെന്ന് മുഖ്യമന്ത്രി


പിണറായി വിജയൻ|ഫോട്ടോ: രാഗേഷ് ഇ.വി| മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ യുക്തിരഹിതമായ നടപടികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബജറ്റിലെ നിർദേശങ്ങള്‍ കേരളത്തിന്‍റെ നന്മയ്ക്കുവേണ്ടിയുള്ളതാണ്. പ്രതിപക്ഷം നടത്തുന്ന പര്‍വതീകരിച്ച നുണകള്‍ക്കുള്ള മറുപടി കണക്കുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം കടക്കെണിയിലാണെന്നും സര്‍ക്കാര്‍ ധൂര്‍ത്താണ് നടത്തുന്നതെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് കണക്കുകള്‍ നിരത്തി മറുപടിപറയാനാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ശ്രമിച്ചത്.

സംസ്ഥാനസര്‍ക്കാര്‍ കടം വര്‍ധിപ്പിച്ചതുകൊണ്ടോ നികുതിപിരിവില്‍ അലംഭാവം കാണിച്ചതുകൊണ്ടോ അല്ല ഇപ്പോള്‍ സാമ്പത്തിക ഞെരുക്കം ഉണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. വാര്‍ഷിക വായ്പാ പരിധിയില്‍ യുക്തിരഹിതമായി വെട്ടിക്കുറച്ചിരിക്കുകയാണ്. കിഫ്ബി പോലുള്ള സ്ഥാപനങ്ങളെടുക്കുന്ന വായ്പ സംസ്ഥാനങ്ങളുടെ വായ്പയാണെന്ന് പ്രഖ്യാപിച്ചു. 3.5 ശതമാനം വായ്പാ പരിധി വീണ്ടും വെട്ടിക്കുറയ്ക്കുന്നു. അതിലൂടെ സംസ്ഥാനത്ത് സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള പകപോക്കല്‍ നയങ്ങളാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തേണ്ടിവന്നത്. കേരളത്തെ ഞെരുക്കി തോല്‍പിച്ചുകളയാം എന്ന മനോഭാവമാണ് കേന്ദ്രത്തിനുള്ളത്. അതിന് കുടപിടിക്കുന്ന പണിയാണ് ഇവിടത്തെ യുഡിഎഫ് നേതൃത്വം ചെയ്യുന്നത്. അതുകൊണ്ട് ബിജെപിയും യുഡിഎഫും ചേര്‍ന്ന് നടത്തുന്ന സമര കോലാഹലങ്ങള്‍ ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്നും പിണറായി പറഞ്ഞു.

ഇന്ധന സെസിനെതിരേ ബിജെപിക്കൊപ്പം ചേര്‍ന്ന് സമരം ചെയ്യുന്നവരാണ് കോണ്‍ഗ്രസുകാരെന്നും കേന്ദ്രത്തെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസിന് വിമുഖതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2015-ലെ ബജറ്റില്‍ ഇന്ധനത്തിന് യുഡിഎഫ് സര്‍ക്കാര്‍ ഒരു രൂപ നികുതി വര്‍ധിപ്പിച്ചു. ഇന്നത്തേതിനേക്കാള്‍ പകുതിക്കടുത്ത് വിലമാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. എണ്ണക്കമ്പനികളെ പ്രീണിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞവരാണ് കോണ്‍ഗ്രസും ബിജെപിയുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം കടക്കെണിയിലാണെന്നും അതിഭയങ്കരമായ ധനധൂര്‍ത്താണെന്നും പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി, ഇതിനുള്ള മറുപടിയും പത്രസമ്മേളനത്തില്‍ നല്‍കി. കേരളത്തിന്റെ കടത്തില്‍ നാല് വര്‍ഷക്കാലയളവില്‍ 2.46 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ കോവിഡ് കാലത്ത് ജീവനും ജീവനോപാധികളും നിലനിര്‍ത്താന്‍ സര്‍ക്കാരിന് അധികചെലവ് ഏറ്റെടുക്കേണ്ടിവന്നിരുന്നു. ഇക്കാലത്ത് കടം വര്‍ധിച്ചത് സ്വാഭാവികമാണ്. കോവിഡ് കാലത്ത് ജനോപകാരപ്രദമായ കാര്യങ്ങള്‍ക്കുവേണ്ടി വായ്പയെടുത്തത് എന്തോ മഹാപരാധമായി എന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നത്.

കടം വളര്‍ന്നു എന്നത് തെറ്റായ പ്രചാരണമാണ്. കടത്തിന്റെ വളര്‍ച്ച കുറയുകയാണ് ചെയ്തത്. നികുതിപിരിവ് നടക്കുന്നില്ലെന്ന പ്രചാരണം തീര്‍ത്തും അസംബന്ധമാണ്. ജി.എസ്.ടി. വരുമാനം 25.11 ശതമാനമായി വര്‍ധിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശമ്പളവും പെന്‍ഷനും നല്‍കാന്‍ കടമെടുക്കുന്നു എന്ന പ്രചാരണവും തെറ്റാണ്. കണക്കുകള്‍ വ്യക്തമാക്കുന്നത് കടക്കെണിയുടെ ലക്ഷണങ്ങളല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന് ഒരുതരത്തിലുള്ള ധൂര്‍ത്തും ഉള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നില്ല. വികസനത്തെ ധൂര്‍ത്തായി ചിത്രീകരിക്കുകയാണ്. ശമ്പള-പെന്‍ഷന്‍ ചെലവ് മൊത്തം റവന്യൂ ചെലവിന്റെ 50.34 ശതമാനം മാത്രമാണ്. പര്‍വതീകരിച്ച നുണയ്ക്കുള്ള മറുപടി വസ്തുതകളും കണക്കുകളുമാണ്. സര്‍ക്കാരിനെ താറടിക്കാനാണ് ചിലരുടെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Content Highlights: reason for financial difficulties is the policy change of the Centre- Chief Minister

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented