ചാലക്കുടി: റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതിയായ ചക്കരക്കല്‍ ജോണിയെന്ന ചക്കര ജോണി രാജ്യം വിട്ടതായി പോലീസ് സംശയിക്കുന്നു. ജോണിക്ക് കോടികളുടെ സമ്പാദ്യമാണ് ഉള്ളതെന്നും മൂന്നുരാജ്യങ്ങളിലെ വിസ ഇയാള്‍ക്കുണ്ടെന്നും പോലീസ് പറയുന്നു. രാജ്യം വിട്ടതായി സംശയിക്കുന്നതിനെ തുടര്‍ന്ന്  ജോണിയെ പിടികൂടാന്‍ ഇന്റര്‍ പോളിന്റെ സഹായം തേടാനാണ് പോലീസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. 

കേസില്‍ ആരോപണ വിധേയനായിട്ടുള്ള പ്രമുഖ അഭിഭാഷകന്‍ സി. പി. ഉദയഭാനുവിന്റെ പങ്ക് വെളിപ്പെടണമെന്നുണ്ടെങ്കില്‍ ജോണിയെ പിടികൂടേണ്ടതുണ്ട്. ചുരുങ്ങിയ കാലയളവിനിടെയാണ് ജോണിയുടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വളര്‍ച്ച ഉണ്ടായത് . ഇതാണ് പോലീസ് കൂടുതല്‍ സംശയിക്കാന്‍ കാരണം. കൊലപാതകത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ തര്‍ക്കങ്ങളാണെന്ന് പോലീസ് പറയുന്നു. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. 

കൊലപാതകം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ഡി വൈ എസ് പി ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം രൂപവത്കരിച്ചിരിക്കുന്നത്. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരും. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം ഇതുമായി ബന്ധമുള്ള നാലുപേര്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞദിവസമാണ് ഒരു വാടകകെട്ടിടത്തില്‍ രാജീവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.