കോടിയേരി ബാലകൃഷ്ണൻ, കെവി തോമസ് | Photo: Mathrubhumi
കണ്ണൂര്‍: കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയ്യാറായാല്‍ കെവി തോമസിനെ സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെവി തോമസുമായി മുന്‍പ് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
കോണ്‍ഗ്രസിനകത്തുള്ള പലയാളുകളും ആ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ഇടതുപക്ഷവുമായി സഹകരിക്കുന്ന സ്ഥിതി കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ മൂന്ന് ജനറല്‍ സെക്രട്ടറിമാരാണ് ഇപ്പോള്‍ രാജിവെച്ച് ഇടതുപക്ഷവുമായി സഹകരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് വിടുന്ന ആളുകള്‍ സിപിഎമ്മുമായി നേരിട്ട് സഹകരിക്കാറില്ല, മറ്റേതെങ്കിലും ഘടകകക്ഷികളുമായി ചേര്‍ന്ന് സിപിഎമ്മുമായി സഹകരിക്കുന്ന സ്ഥിതിയായിരുന്നു. ഇന്നത് മാറി. സിപിഎമ്മുമായി നേരിട്ട് സഹകരിക്കുന്നതില്‍ പ്രയാസമില്ലെന്ന സ്ഥിതിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെവി തോമസുമായി മുന്‍പ് ചര്‍ച്ചകള്‍ നടന്നിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് ഇപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ശശി തരൂരിനെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ഹൈക്കമാന്‍ഡ് വിലക്കിയതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കുന്നവരെല്ലാം സിപിഎമ്മിന്റെ അഭിപ്രായം തന്നെ പറയണമെന്നില്ല. അതിനുള്ള അവസരം ഉണ്ടാക്കാനാണ് സെമിനാറുകള്‍ നടത്തുന്നത്. ബഹുസ്വരതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിനാലാണ് വ്യത്യസ്ത പാര്‍ട്ടികളിൽ ഉള്‍പ്പെട്ടവരെ സെമിനാറിലേക്ക് ക്ഷണിക്കുന്നത്. വ്യത്യസ്ത അഭിപ്രായം ഉള്ളവരാണെങ്കില്‍ അത് അവര്‍ സെമിനാറില്‍ പങ്കെടുത്ത് പറയട്ടെ, സിപിഎമ്മിന്റെ അഭിപ്രായം മാത്രം പറയാനാണെങ്കില്‍ മറ്റ് നേതാക്കളെ വിളിക്കേണ്ട ആവശ്യമില്ലല്ലോ എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മുമായി സഹകരിക്കേണ്ട എന്നത് കോണ്‍ഗ്രസിന്റെ നിലപാടിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് സംസ്ഥാന സമ്മേളനത്തിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. അദ്ദേഹം വന്നിട്ടില്ല. കാരണം സിപിഎം ചര്‍ച്ച ചെയ്യുന്നത് ബിജെപിക്ക് അലോസരമുണ്ടാക്കുന്ന വിഷയങ്ങളാണ്. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും കേരളത്തിലെ കോണ്‍ഗ്രസ് ചെയ്യാന്‍ തയ്യാറല്ല. ബിജെപിയുമായി ചേര്‍ന്ന് സമരം ചെയ്യാനും സിപിഎം വിരുദ്ധ നിലപാടുമാണ് കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
Content Highlights: Ready to welcome KV Thomas says Kodiyeri Balakrishnan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..